മങ്കുഴി കടവില്‍ ഗാലറിയും കുളിക്കടവും ഒരുങ്ങി
text_fieldsപെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ മങ്കുഴിയില്‍ പെരിയാറിന്റെ തീരത്ത് മനോഹരമായ ഗാലറിയും കുളിക്കടവും നിര്‍മിച്ച് ജില്ല പഞ്ചായത്ത്. 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍പെടുത്തി അംഗം മനോജ് മൂത്തേടന്റെ വികസന ഫണ്ടില്‍നിന്ന് 12 ലക്ഷം ചെലവഴിച്ചാണ് മങ്കുഴിയില്‍ കാട്ടുങ്കല്‍ കടവിന്റെയും ഗാലറിയുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ദിവസവും നൂറുകണക്കിനാളുകള്‍ കുളിക്കാനും അലക്കാനും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കടവ് 2018ലെ പ്രളയത്തില്‍ തകരുകയായിരുന്നു. തുടര്‍ന്ന്, പുഴയിലിറങ്ങാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് പുതിയ കടവും ഗാലറിയും നിര്‍മിച്ചത്. വേനല്‍ക്കാലത്ത് പെരിയാറില്‍ ജലനിരപ്പ് കുറയുമ്പോള്‍ ഏകദേശം 30 മീറ്ററോളം പുഴയിലേക്ക് ഇറങ്ങിയാല്‍ മാത്രമെ കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും സാധിക്കുമായിരുന്നുള്ളൂ.
കടവ് നിര്‍മിച്ചതോടെ ആളുകള്‍ക്ക് പടവുകളിലിരുന്ന് വസ്ത്രങ്ങള്‍ കഴുകാനാകും. കടവിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഇരുവശത്തും ടൈല്‍ വിരിച്ച് ഗാലറി നിര്‍മിക്കുകയും ചെയ്തതോടുകൂടി കടവിലേക്ക് ചളിയും മണ്ണും ഒലിച്ചുവരുന്നത് ഇല്ലാതാക്കാനും കഴിഞ്ഞു.
നിര്‍മാണം പൂര്‍ത്തിയായതോടെ നൂറുകണക്കിനാളുകളാണ് ദിവസവും കുടുംബസമേതം ഇവിടെ എത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടെന്നും കടവിന്റെയും ഗാലറിയുടെയും ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 4.30ന് നടത്തുമെന്നും മനോജ് മൂത്തേടന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.