ഒന്നിലധികം പദവികളില്‍ നിരവധിപേർ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു
text_fieldsപെരുമ്പാവൂര്‍: കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ ഒന്നിലധികം പദവികള്‍ കൈപ്പിടിയിലാക്കി വര്‍ഷങ്ങളായി തല്‍സ്ഥാനങ്ങളില്‍ തുടരുന്നതില്‍ അണികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു.
പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ ഗ്രൂപ്പുകളുടെ വക്താക്കളായി നിലകൊള്ളുന്നവരാണ് പാര്‍ട്ടി സ്ഥാനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളില്‍ പ്രസിഡൻറുമാര്‍, പഞ്ചായത്തംഗങ്ങള്‍, സഹകരണ ബാങ്ക് അധ്യക്ഷര്‍, പോഷക സംഘടന പ്രസിഡൻറുമാര്‍, ഭാരവാഹികള്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്. വളര്‍ന്നുവരുന്ന യുവാക്കളെ പരിഗണിക്കാതെയാണ് വര്‍ഷങ്ങളായി പലരും സ്ഥാനങ്ങള്‍ കയ്യാളുന്നതെന്നാണ് ആക്ഷേപമുയരുന്നത്. ഇതു സംബന്ധിച്ച് അനിഷ്ടങ്ങള്‍ പലപ്പോഴും ഉയരുന്നുണ്ടെങ്കിലും ഗ്രൂപ് സമവാക്യങ്ങള്‍ ഉയര്‍ത്തി അണികളെ നിശ്ശബ്ദമാക്കുകയാണ് നേതൃത്വം. യുവനിരയില്‍നിന്ന് മികവുള്ളവര്‍ രംഗ പ്രവേശം ചെയ്യുമ്പോള്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ വളരാനുള്ള സാഹചര്യമില്ലെന്നാണ് പ്രവര്‍ത്തകരുടെ പരാതി. ഇതുകൊണ്ട് തന്നെ പ്രാദേശിക തലത്തില്‍ സംഘടനകള്‍ രൂപവത്കരിച്ച് സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് യൂത്തു കോണ്‍ഗ്രസിലെ പലരും.
ഏറ്റവും കൂടുതല്‍ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത് ജില്ല പഞ്ചായത്തംഗം മനോജ് മൂത്തേടനാണ്. ജില്ല പഞ്ചായത്തംഗത്തിന് പുറമെ ഡി.സി.സി വൈസ് പ്രസിഡൻറ്, കൂവപ്പടി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, കുറുപ്പംപടി ഇഞ്ചിപ്പുല്‍ ഗവേണ കേന്ദ്രം സൊസൈറ്റി ബോര്‍ഡ് അംഗം തുടങ്ങിയ പദവികളില്‍ തുടരുന്നു.
യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുള്ള ഒ. ദേവസി 49 വര്‍ഷമായി ഹൗസിങ് ബോര്‍ഡ് സൊസൈറ്റി പ്രസിഡൻറ്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം, കുറുപ്പംപടി റൂറല്‍ െഡവലപ്മെൻറ് സൊസൈറ്റി പ്രസിഡൻറ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
ഡി.സി.സി സെക്രട്ടറി സ്ഥാനത്തുള്ള വി.എം. ഹംസ വാഴക്കുളം റൂറല്‍ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറ് സ്ഥാനത്തുണ്ട്. കെ.പി.സി.സി അംഗമായ നഗരസഭ മുന്‍ ചെയര്മാന് കെ.എം.എ. സലാമിനെ അടുത്തിടെ കാര്‍ഷിക ബാങ്കിെൻറ പ്രസിഡൻറായി തെരഞ്ഞെടുത്തു.
കെ.പി.സി.സി സെക്രട്ടറിയായിരുന്ന നിലവിലെ നഗരസഭ ചെയര്മാന് ടി.എം. സക്കീര്‍ ഹുസൈന് റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡൻറ് സ്ഥാനത്ത് തുടരുന്നു.
മുടക്കുഴ പഞ്ചായത്ത് പ്രസിഡൻറ് പി.പി. അവറാച്ചന് ഐ.എന്‍.ടി.യു.സി ജില്ല സെക്രട്ടറി, കോണ്‍ഗ്രസ് കുറുപ്പംപടി ബ്ലോക്ക് വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളിലുണ്ട്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേസില്‍ പോള്‍ ഡി.സി.സി സെക്രട്ടറിയാണ്. സദാസമയവും പാര്‍ട്ടി പ്രവര്‍ത്തനവുമായി നടന്നിരുന്ന നിരവധിപ്പേര്‍ മണ്ഡലം ഭാരവാഹികള്‍ പോലുമാകാനാകാതെ അരങ്ങൊഴിഞ്ഞു.
പാര്‍ട്ടിയെ നെഞ്ചിലേറ്റി ബലിയാടായവരായിരുന്നു ഇവരിലധികവുമെന്നാണ് പ്രവര്‍ത്തകരുടെ പരിഭവം. ഒന്നിലധികം സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ ഇനിയെങ്കിലും വച്ചുമാറാന്‍ തയാറാകണമെന്ന ആവശ്യം ശക്തമാണ്. സ്വയം സന്നദ്ധരാകാത്തവരെ നീക്കാന്‍ നേതൃത്വം തയാറാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയിലെ യുവനിര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.