കെ.എസ്.ആർ.ടി.സി പെരുമ്പാവൂര്‍ ഡിപ്പോയിൽ ശുചിമുറിയുടെ പൈപ്പ് പൊട്ടി മലിനജലം ഒഴുകുന്നു
text_fieldsപെരുമ്പാവൂര്‍: കെ.എസ്.ആര്.ടി.സി ഡിപ്പോ കെട്ടിടത്തിൽ ജീവനക്കാര്‍ ഉപയോഗിക്കുന്ന ശുചിമുറിയുടെ പൈപ്പ് പൊട്ടി മലിനജലം ഒഴുകുന്നു. ഡിപ്പോ കെട്ടിടത്തിന്റെ മുകള്‍നിലയിലെ ശുചിമുറിയില്‍നിന്ന് താഴെയുള്ള സെപ്ടിക് ടാങ്കിലേക്ക് ഒഴുകുന്ന വലിയ പൈപ്പ് പൊട്ടിയാണ് പരിസരമാകെ ദുര്‍ഗന്ധം വമിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ എത്തുന്ന സ്റ്റാൻഡിലാണ് ഈ ദുരിതം. പ്രശ്നം യാത്രക്കാരും ഇവിടത്തെ കച്ചവടക്കാരും അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
സ്റ്റാൻഡിലെ പെട്രോള്‍ പമ്പിന് സമീപത്താണ് സെപ്ടിക് ടാങ്ക്. പലപ്പോഴും പെട്രോള്‍ അടിക്കാന്‍ ബസുകള്‍ നിര്‍ത്തിയിടുന്നത് മലിനജലത്തിലാണ്. ഭക്ഷണശാലകള്‍ ഉള്‍പ്പെടെ നിരവധി കച്ചവടസ്ഥാപനങ്ങള്‍ സ്റ്റാൻഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഴുക്കുവെള്ളം ഒഴുകുന്നതും ദുര്‍ഗന്ധവും ഇവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
പരാതി ഉന്നയിക്കുന്നവരോട് പരിഹരിക്കാന്‍ ഡിപ്പോയില്‍ പണമില്ലെന്നും മേല്‍ഘടകങ്ങളെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, പ്രാഥമിക ആവശ്യങ്ങള്‍ക്ക് ടോയ്ലറ്റില് പോകുന്ന യാത്രക്കാരോട് മറ്റെങ്ങുമില്ലാത്ത നിരക്കാണ് പെരുമ്പാവൂര്‍ ഡിപ്പോയില്‍ ഈടാക്കുന്നതെന്ന പരാതി വ്യാപകമാണ്. മൂത്രപ്പുരയെ ആശ്രയിക്കുന്നവരില്നിന്ന് രണ്ടുരൂപയും ടോയ്ലറ്റില് പോകുന്നവർക്ക് അഞ്ചുരൂപയുമാണ് യഥാര്‍ഥ നിരക്കെന്നിരിക്കെ മിക്കപ്പോഴും പത്തും ഇരുപതും രൂപ ഈടാക്കുന്നുവെന്നാണ് പരാതി. അന്തര്‍ സംസ്ഥാനക്കാരാണ് ഈ ചൂഷണത്തിന് ഇരയാകുന്നത്.
ടോയ്ലറ്റ് വാടകക്ക് നല്കിയ വരുമാനത്തിന്റെ ചെറിയ തുക ചെലവഴിച്ചാല്‍ പൈപ്പ് പൊട്ടിയ പ്രശ്നം പരിഹരിക്കാനാകുമെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ ഡിപ്പോക്കും അറ്റകുറ്റപ്പണിക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടും പുതിയ പൈപ്പ് സ്ഥാപിക്കാന്‍ പ്രയോജനപ്പെടുത്താമെന്നിരിക്കെ ഒഴിഞ്ഞുമാറുകയാണ് ഉത്തരവാദിത്തപ്പെട്ടവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.