ഓട്ടോറിക്ഷകള്‍ക്ക് ബോണറ്റ് നമ്പറും സ്റ്റാന്‍ഡും ഏർപ്പെടുത്തിയത് അംഗീകാരമില്ലാതെ
text_fieldsപെരുമ്പാവൂര്‍: ടൗണില്‍ ഓട്ടോറിക്ഷകള്‍ക്ക് ബോണറ്റ് നമ്പര്‍ സംവിധാനവും സ്റ്റാന്‍ഡും ഏര്‍പ്പെടുത്തിയത് അംഗീകാരമില്ലാതെ. ഇതുസംബന്ധിച്ച ഉത്തരവിന്റെ കോപ്പി ഓഫിസില്‍ സൂക്ഷിച്ചിട്ടില്ലെന്ന് ജോയൻറ് ആര്.ടി ഓഫിസ് വ്യക്തമാക്കിയതോടെയാണ് അംഗീകാരത്തോടെയല്ലെന്ന വിവരം പുറത്തുവരുന്നത്.
ടൗണില്‍ സ്ഥിരമായി ഓടിയിരുന്ന ഓട്ടോറിക്ഷകളുടെ അനിയന്ത്രിത പാര്‍ക്കിങ് ഒഴിവാക്കി അടുക്കും ചിട്ടയും വരുത്തുന്നതിന്റെ ഭാഗമായി 2012-13 കാലഘട്ടത്തിലാണ് സ്ഥിരമായി ഓടുന്നവർക്ക് പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ടൗണില്‍ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ കണക്ക് യൂനിയനുകളുടെ സഹകരണത്തോടെ ശേഖരിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ പെര്‍മിറ്റുള്ള ആയിരത്തോളം ഓട്ടോകള്‍ പൊതുജനങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും വലിയ തടസ്സംവരാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവാദം കൊടുക്കുകയാണുണ്ടായത്.
ഈ വാഹനങ്ങളെ തിരിച്ചറിയുന്നതിന് പി.എം.സി എന്ന് സ്റ്റിക്കര്‍ പതിച്ച് ഓടണമെന്ന അഭിപ്രായം വന്നു. തുടര്‍ന്ന് ജോയൻറ് ആര്.ടി.ഒയുടെ നിർദേശപ്രകാരം സ്റ്റിക്കറില്‍ ഒന്നുമുതല്‍ 1000 വരെയുള്ള ക്രമനമ്പര്കൂടി ഉള്‍പ്പെടുത്തി ബോണറ്റ് നമ്പര്‍ പതിച്ച പെര്‍മിറ്റ് അനുവദിക്കുകയാണുണ്ടായത്. ഇതിന്റെ ഉത്തരവ് പകര്‍പ്പുകള്‍ ഓഫിസില്‍ സൂക്ഷിച്ചിട്ടില്ലെന്ന് മുടിക്കല്‍ കിടങ്ങാശേരി വീട്ടില്‍ കെ.എ. റഹീമിന് ലഭിച്ച വിവരാവകാശ മറുപടിയില്‍ പറയുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭയെ സമീപിക്കാന്‍ ജോയൻറ് ആര്.ടി.ഒ അപേക്ഷകന് മറുപടി നല്കി.
നഗരസഭയില്‍ നല്കിയ അപേക്ഷക്കുള്ള മറുപടിയില്‍ ഗുഡ്സ് പാസഞ്ചര്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ക്ക് അംഗീകാരം നല്‍കുകയോ പാര്‍ക്കിങ്ങിന് സ്ഥലം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് പറയുന്നു.
2012-13ല്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗങ്ങളുടെ മിനിറ്റ്സും നഗരസഭയില്‍ ഇല്ലത്രേ. ബോണറ്റ് നമ്പറിന് ജോയൻറ് ആര്.ടി ഓഫിസ് ഫീസ് ഈടാക്കുന്നുണ്ടെന്നാണ് വിവരം. ഈ തുക സര്‍ക്കാറിലേക്ക് നല്കുന്നുണ്ടോ എന്നത് പരിശോധിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. പെര്‍മിറ്റില്‍ ബോണറ്റ് നമ്പര്‍ രേഖപ്പെടുത്തി നല്‍കുന്നത് നിയമവിധേനയല്ലെന്ന് ആക്ഷേപമുണ്ട്.
ഓട്ടോറിക്ഷ മറിച്ച് വില്പന നടത്തുമ്പോള്‍ പി.എം.സി നമ്പറിന് കുറഞ്ഞത് 50,000 രൂപ വരെ ഉടമ വാങ്ങുന്നുണ്ടെന്നാണ് ആക്ഷേപം. നഗരത്തിലെ അനുവദിച്ച സ്റ്റാന്‍ഡില്‍ ഓടാമെന്നുള്ളതുകൊണ്ട് പ്രതിഫലം നല്കാന് വാങ്ങുന്നയാള്‍ തയാറാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.