ഉദ്യോഗസ്ഥ അലംഭാവം; നഗരസഭയില്‍ സേവനങ്ങള്‍ മെല്ലെപ്പോക്കിൽ
text_fieldsപെരുമ്പാവൂര്‍: ഉദ്യോഗസ്ഥ അലംഭാവം മൂലം നഗരസഭയില്‍നിന്ന് അവശ്യസേവനങ്ങള്‍ ലഭിക്കുന്നില്ലെന്നും ദൈംദിന കാര്യങ്ങള്‍ നടക്കുന്നില്ലെന്നും ആക്ഷേപമുയരുന്നു. കെട്ടിട നിര്‍മാണാനുമതി, ലൈസന്‍സ് തുടങ്ങിയ കാര്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ നടപടികള്‍ വൈകുന്നുവെന്ന പരാതി വ്യാപകമാണ്. ഇതിനിടെ പലപ്പോഴും ഉദ്യോഗസ്ഥര്‍ ലീവെടുക്കുന്നതും പ്രതിസന്ധിയാണ്. വെള്ളിയാഴ്ച കലക്ടറേറ്റില്‍ നടന്ന മീറ്റിങ്ങിന്റെ പേരില്‍ പലരും സീറ്റിലുണ്ടായില്ല.
അടുത്ത മാസം എട്ടുപേര്‍ നഗരസഭയില്‍നിന്ന് സ്ഥലമാറ്റം കിട്ടി പോകുകയാണ്. ഇവര്‍ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളില്‍ ഇപ്പോള്‍ മുതല്‍ മെല്ലെപ്പോക്കാണ്. പ്ലാനിങ് സെക്ഷന്‍, എൻജിനീയറിങ്, അക്കൗണ്ട്, ഹെല്‍ത്ത്, റവന്യൂ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ള പ്രധാന ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റം.
ഉത്തരവിറങ്ങിയതോടെ പ്രധാനപ്പെട്ട ഈ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണെന്നാണ് ആക്ഷേപം. ദിനംപ്രതി നിരവധി ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്ക് നഗരസഭയിലെത്തുന്നത്.
നടക്കാതെ വരുമ്പോള്‍ അതത് വാര്‍ഡ് കൗണ്‍സിലര്‍മാരെ സമീപിക്കുന്നുണ്ടെങ്കിലും അവരും നിസ്സഹായരായി മാറുകയാണ്. ഉദ്യോഗസ്ഥരിലെ കെടുകാര്യസ്ഥത കൗസിലര്മാരിലും അമര്ഷത്തിനിടയായിട്ടുണ്ട്. കൗണ്‍സില്‍ യോഗങ്ങളില്‍പോലും ഈ വിഷയം ചര്‍ച്ചയായിട്ടുണ്ടെന്നാണ് വിവരം. മഴക്കാലമായതോടെ വാര്‍ഡുകളില്‍ ശുചീകരണം നടത്തേണ്ടതുണ്ട്.
തൊട്ടടുത്ത പഞ്ചായത്തുകളില്‍ ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും വ്യാപകമായതോടെ ആശങ്കയിലാണ് ജനം. വെള്ളി, ശനി ദിവസങ്ങളില്‍ ഡെങ്കിപ്പനി ബാധിച്ച് സമീപ പഞ്ചായത്തുകളില്‍ രണ്ടുപേര്‍ മരിച്ചതോടെ ആശങ്ക വര്‍ധിച്ചു. കൊതുക് നശീകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും 27 വാര്‍ഡുകളിലും കൃത്യമായി നടക്കണമെങ്കില്‍ ഉദ്യോഗസ്ഥ ഇടപെടല്‍ അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.