പരാതികൾ അവഗണിച്ച് പൊലീസും ആരോഗ്യവകുപ്പും; തോട്ടുവ തോട്ടിലേക്ക് രാസമാലിന്യം ഒഴുക്കുന്നു
text_fieldsമാലിന്യം നിറഞ്ഞ് കലങ്ങി ഒഴുകുന്ന തോട്ടുവ തോട്
പെരുമ്പാവൂര്‍: പെരിയാറിന്റെ കൈവഴിയായ തോട്ടുവ തോട്ടിലൂടെ രാസമാലിന്യം ഒഴുക്കുന്നതായി പരാതി. ദിവസങ്ങളായി നിറംമാറി കലങ്ങി ഒഴുകുകയാണ് തോട്. ഇതില്‍ ഇറങ്ങാനോ വെള്ളം ഉപയോഗിക്കാനോ കഴിയാത്ത സ്ഥിതിയാണിപ്പോള്‍.
വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുന്നുണ്ട്. രണ്ടുമാസം മുമ്പ് മാലിന്യം ഒഴുക്കിയ സംഭവമുണ്ടായപ്പോള്‍ കോടനാട് പൊലീസിന്റെ നേതൃത്വത്തില്‍ തോടിന്റെ കരയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നവരെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്‍കിയിരുന്നു.
മാലിന്യം ഒഴുക്കുന്നതിനെതിരെ തോട്ടുവ ശ്രീധന്വന്തരി ക്ഷേത്ര കമ്മിറ്റി പഞ്ചായത്തിലും പൊലീസിലും ആരോഗ്യവകുപ്പിലും പലവട്ടം പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല. കൂവപ്പടി, മുടക്കുഴ പഞ്ചായത്തിലെ നിരവധിയാളുകള്‍ കുളിക്കാനും ജലസേചനത്തിനും ഉപയോഗിക്കുന്നത് ഇതിലെ വെള്ളമാണ്. തോടിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതികള്‍ക്ക് മലിനജലം ഭീഷണിയാണ്. വേനല്‍ക്കാലത്ത് പെരിയാര്‍വാലി കനാല്‍വെള്ളം തോട്ടിലൂടെ വിതരണം ചെയ്യുന്നുണ്ട്.
കൂവപ്പടി, മുടക്കുഴ പഞ്ചായത്ത് പരിധികളില്‍ തോടിന്റെ കരകളിലായി ഒരു ഡസനിലേറെ വ്യവസായ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏത് സ്ഥാപനമാണ് മാലിന്യം തോട്ടിലേക്ക് പുറന്തള്ളുന്നതെന്നുപോലും കണ്ടുപിടിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധമുള്ളതാണ് തോട്ടുവ തോട്. ക്ഷേത്രത്തിനുസമീപം തോട് കിഴക്കോട്ട് ഒഴുകുന്നുവെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി ഭക്തര്‍ ഇവിടെ എത്തുന്നു. ക്ഷേത്രക്കടവില്‍ ബെന്നി ബഹനാന് എം.പിയുടെ ഫണ്ടില്‍നിന്ന് തുക അനുവദിച്ച് പടവുകള്‍ കെട്ടിയത് അടുത്തിടെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.