ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടന്‍ മാരാര്‍ തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി
text_fieldsപെരുമ്പാവൂര്‍: വാദ്യവിസ്മയമേളങ്ങള് അലയടിക്കുന്ന തൃശൂര്‍ പൂരത്തില്‍ ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടന്‍ മാരാര്‍ തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി. പെരിയാര്‍ തീരത്തെ ചേരാനല്ലൂര്‍ ശിവക്ഷേത്ര പരിസരങ്ങളില്‍നിന്ന് കൊട്ടിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച് കേരളത്തിലെ അറിയപ്പെടുന്ന മേളക്കാരനായി മാറിയ ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടന്‍ മാരാര്‍ക്ക് തന്റെ 72ാം വയസ്സില്‍ ഭാഗ്യമായി കൈവന്നതാണ് പദവി.
വെള്ളിയാഴ്ച വിവരം പുറത്തുവന്നതോടെ ചേരാനല്ലൂര്‍ ശിവക്ഷേത്രത്തിലെ മേളാസ്വാദകര്‍ ആഘോഷത്തിമിര്‍പ്പിലാണ്. കഴിഞ്ഞ വര്‍ഷം വരെ കിഴക്കൂട്ട് അനിയന്മാരാരുടെ സഹകാരിയായി പൂരത്തിന് തിരുവമ്പാടിക്കാര്ക്കുവേണ്ടി കൊട്ടിയിരുന്നു. എന്നാല്‍, പാറമേക്കാവ് വിഭാഗത്തിന്റെ പ്രമാണിസ്ഥാനത്തുനിന്ന് ഒരു വ്യാഴവട്ടത്തിനു ശേഷം പെരുവനം കുട്ടന്മാരാര് മാറ്റപ്പെട്ടതോടെ, കിഴക്കൂട്ടിന് ഇലഞ്ഞിത്തറയിലെ സ്ഥാനം ലഭിച്ചു. തിരുവമ്പാടിയുടെ മേളത്തലപ്പത്തേക്ക് ഒഴിവു വന്നത് ശങ്കരന്‍കുട്ടന്‍ തുണയായി.
ചേരാനല്ലൂര്‍ വടക്കിനി മാരാത്തെ സരസ്വതി അമ്മയുടെയും ഊരമന ഓലിയ്ക്കല്‍ മാരാത്തെ പരമേശ്വരക്കുറുപ്പിന്റെയും മകന് നാലു വയസ്സ് മുതല്‍ ചെണ്ടക്കോല് കൈയിലെടുത്തതാണ്. എട്ടാം വയസ്സില്‍ തായമ്പക അരങ്ങേറി. മധ്യകേരളത്തിലെയും വടക്കന്‍ കേരളത്തിലെയും എല്ലാ മേജര്‍ ക്ഷേത്രങ്ങളിലും പഞ്ചാരിയിലും പാണ്ടിയിലും തായമ്പകയിലും തന്റെ പ്രാഗല്ഭ്യം തെളിയിച്ചു. തെക്കും വടക്കുമുള്ള പ്രഗല്ഭരായ എല്ലാ മേളക്കാര്ക്കൊപ്പവും കൊട്ടിപ്പരിശീലിച്ച് തെളിഞ്ഞു വന്നതാണ് ശങ്കരന്കുട്ടന്റെ മേളം. പൂര ചരിത്രത്തില്‍ ആദ്യമാണ് ചാലക്കുടിപ്പുഴക്ക് തെക്കുഭാഗത്തുനിന്ന് ഒരാള്‍ മേളപ്രമാണി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.