ജനവാസ മേഖലയിൽ അനധികൃത കന്നുകാലി മാര്‍ക്കറ്റെന്ന് പരാതി
text_fieldsപെരുമ്പാവൂർ: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് അനധികൃത കന്നുകാലി മാർക്കറ്റ് പ്രവർത്തിക്കുന്നതായി പരാതി. വെങ്ങോല പഞ്ചായത്ത് ആറാം വാർഡിലാണ് സ്വകാര്യ വ്യക്തികളുടെ കന്നുകാലി വിൽപന കേന്ദ്രം നാട്ടുകാർക്ക് ഭീഷണിയായി മാറുന്നത്. പരിസരവാസികൾ ബുദ്ധിമുട്ട് അറിയിച്ചിട്ടും കന്നുകാലികളെ ഇറക്കുന്നത് തുടരുകയാണ്. ഇതേ തുടർന്ന് നാട്ടുകാർ പഞ്ചായത്തിലും ആരോഗ്യ വിഭാഗത്തിനും പരാതി നൽകി. പരിശോധന നടത്തിയ അധികൃതർ മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും ഉയർത്തുന്ന കേന്ദ്രം അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇത് വകവെക്കാതെയാണ് പ്രവർത്തനം.
രണ്ട് വർഷം മുമ്പാണ് കച്ചവടം തുടങ്ങിയത്. അടുത്തിടെ വിപുലീകരിക്കുകയായിരുന്നു. ദുർഗന്ധം കാരണം ഭക്ഷണം കഴിക്കാൻപോലും സാധിക്കുന്നില്ലെന്നും പ്രദേശത്ത് കൊതുക് പെരുകുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്തിടെ ഡെങ്കിപ്പനി ബാധിച്ച് കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ചികിത്സ തേടി.
നഗരത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത കാളച്ചന്തയെ അവഗണിച്ചാണ് പാര്‍പ്പിട മേഖലയിൽ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ വ്യക്തികള്‍ക്ക് മാര്‍ക്കറ്റ് തുടങ്ങാൻ അനുമതിയില്ലെന്നിരിക്കെയാണ് നിയമലംഘനം. സ്റ്റോപ് മെമ്മോ ലഭിച്ചിട്ടും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത് ധിക്കാരമാണെന്ന് പരാതിക്കാർ ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കലും വൈസ് പ്രസിഡന്റ് നസീമ റഹീമും സ്ഥലം സന്ദര്‍ശിച്ചു. പരാതിയിൽ കഴമ്പുണ്ടെന്നും സ്റ്റോപ് മൊമ്മോ ലഭിച്ചിട്ടും കന്നുകാലി വളര്‍ത്തു കേന്ദ്രം പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടര്‍നടപടികൾ ആലോചിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.