കൊറിയര്‍വഴി കഞ്ചാവ്: മൂന്നുപേര്‍കൂടി പിടിയില്‍
text_fieldsപെരുമ്പാവൂര്‍: ആന്ധ്രയില്‍നിന്ന് പെരുമ്പാവൂര്‍ കുന്നുവഴിയിലെ കൊറിയര്‍ സ്ഥാപനം വഴി കഞ്ചാവ് എത്തിച്ച കേസില്‍ മൂന്നുപേര്‍കൂടി പിടിയിലായി. കോതമംഗലം അയിരൂര്‍പ്പാടം ആയക്കാട് കളരിക്കല്‍ വീട്ടില്‍ ഗോകുല്‍ (24), പുളിമല കാഞ്ഞിരക്കുഴി വീട്ടില്‍ വിമല്‍ (24), ആയിരൂര്‍പ്പാടം ആളക്കല്‍ വീട്ടില്‍ മന്‍സൂര്‍ (24) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കുന്നുവഴിയിലെ കൊറിയര്‍ സ്ഥാപനംവഴി 30 കിലോ കഞ്ചാവ് പാഴ്സലായി എത്തുകയായിരുന്നു. വിമലിന്റെ പേരിലായിരുന്നു പാഴ്സല്‍.
ആന്ധ്രയിലെ കഞ്ചാവ് വില്പനക്കാരില്നിന്ന് ഗോകുലാണ് കഞ്ചാവ് വാങ്ങി അയച്ചതെന്ന് പൊലീസ് പറഞ്ഞു. മുമ്പ് 10 കിലോ കഞ്ചാവുമായി ഇയാളെ ആന്ധ്ര പൊലീസ് പിടികൂടി ജയിലില്‍ അടച്ചിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് വ്യാപകമായി കച്ചവടം തുടങ്ങിയത്. നാല് കിലോ കഞ്ചാവുമായി തൃശൂര്‍ അയ്യന്തോള്‍ പൊലീസും ഗോകുലിനെ പിടികൂടിയ കേസുണ്ട്. വിമലിന്റെയും മന്‍സൂറിന്റെയും പേരിലും കേസുകളുണ്ട്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രതേക ടീം അന്വേഷണം നടത്തുന്നതിനിടെയാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ കോഴിക്കോട് പുവാട്ടുപറമ്പില്നിന്ന് പിടികൂടിയത്. ഇവര്‍ ഇതിനുമുമ്പും കൊറിയര്‍വഴി കഞ്ചാവ് അയച്ചിട്ടുണ്ടെന്നാണ് സൂചന.
കഞ്ചാവ് സംഘത്തിന്റെ ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. കിലോഗ്രാമിന് രണ്ടായിരം മുതല്‍ മൂവായിരം രൂപ വരെ നല്കി ആന്ധ്രയില്‍നിന്ന് കഞ്ചാവ് വാങ്ങി 25,000നും 30,000നുമാണ് കേരളത്തില്‍ വില്പന നടത്തുന്നത്. ആന്ധ്രയിലെ പഡേരു ഗ്രാമത്തില്‍നിന്നാണ് കേരളത്തിലേക്ക് കൂടുതലായും കഞ്ചാവ് എത്തുന്നത്. എ.എസ്.പി അനുജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്, എ.എസ്.ഐ ജയചന്ദ്രന്, എസ്.സി.പി.ഒമാരായ കെ.എ. നൗഷാദ്, അബ്ദുൽമനാഫ് (കുന്നത്തുനാട്), എം.ബി. സുബൈര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതുള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് എസ്.പി അറിയിച്ചു.
കഞ്ചാവ് വിൽപന: ഒഡിഷ സ്വദേശി അറസ്റ്റില്‍
പറവൂർ: കഞ്ചാവ് വിൽപന നടത്തുന്ന ഒഡിഷ സ്വദേശി അറസ്റ്റില്‍. ഒഡിഷ റായ്ക്കാട് ജില്ലയിലെ പത്മപൂരിൽ താമസിക്കുന്ന ഈശ്വർ മാജിയെയാണ് (19) ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഒഡിഷയിൽനിന്ന് പിടികൂടിയത്.
രണ്ടാഴ്ചമുമ്പ് അങ്കമാലി, നോർത്ത് പറവൂര്‍ എന്നിവിടങ്ങളില്‍നിന്ന് 14 കിലോ കഞ്ചാവും ഒന്നരകിലോ ഹഷീഷ് ഓയിലും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലാകുകയും ചെയ്തു. ഇവർക്ക് ലഹരിവസ്തുക്കള്‍ വിൽപന നടത്തിയത് ഈശ്വർ മാജിയാണ്.
ഇയാൾ താമസിക്കുന്ന സ്ഥലം മനസ്സിലാക്കി പ്രാദേശിക പൊലീസിന്റെ സഹായത്തോടെ രാത്രിയാണ് ഇയാളെ പിടികൂടിയത്. വടക്കേക്കര സബ് ഇൻസ്പെക്ടർ അരുൺ ദേവ്, എസ്.സി.പി.ഒ സലിൻ കുമാർ, സി.പി.ഒമാരായ രാജേഷ്, പ്രസാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.