പ്രചാരണരംഗത്ത് സജീവമായിരുന്ന നിരവധി പേർക്ക് കോവിഡ്
text_fieldsപെരുമ്പാവൂര്‍: നിയമസഭ തെരഞ്ഞെടുപ്പിനുശേഷം പെരുമ്പാവൂര്‍ മേഖലയില്‍ കോവിഡ് ബാധിതരായി നിരവധിപേര്‍ ചികിത്സയില്‍. ഇതില്‍ പലരും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായിരുന്നു. ഏഴുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നാണ് വിവരം. പ്രകടമായ രോഗലക്ഷണങ്ങളാല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമുണ്ട്.
രോഗവ്യാപനം ഏറുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച നഗരസഭ ഓഫിസില്‍ സ്ഥിതിഗതി വിലയിരുത്താനും തുടര്‍നടപടി ചര്‍ച്ച ചെയ്യാനും യോഗം ചേരും. വെങ്ങോല പഞ്ചായത്തില്‍ എഴുപതോളം രോഗികളുണ്ടെന്നാണ് കണക്ക്. ഒന്നാം വാര്‍ഡില്‍ മാത്രം എട്ടുപേരുണ്ട്. ഒരാളില്‍നിന്ന് ആറുപേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിെൻറ നിഗമനം. വെങ്ങോല പഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം 2055 പേര്‍ക്ക് രോഗം പിടിപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ നിലവിലെ കണക്കില്‍ ആശങ്കക്കിടയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ഒക്കല്‍, കൂവപ്പടി, രായമംഗലം, മുടക്കുഴ പഞ്ചായത്തുകളിലും പോസിറ്റിവ് കണക്കില്‍ വര്‍ധനവുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതാണ് വ്യാപനത്തിന് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സാധാരണക്കാര്‍ മാസ്ക് ധരിച്ച് സമൂഹഅകലം പാലിച്ചപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍മുതല്‍ പ്രവര്‍ത്തകര്‍ പോലും ആവേശത്തില്‍ അതെല്ലാം തിരസ്കരിച്ചു. ദേശീയ-സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത പരിപാടികളില്‍ വന്‍ ജനാവലിയായിരുന്നു. ഇത്തരം സദസ്സുകളിലുണ്ടായിരുന്നവര് മാസ്ക് ധരിച്ചിരുന്നെങ്കിലും സമൂഹഅകലം പാലിച്ചില്ല.
പലയിടത്തും സാനിറ്റൈസറും കൈകള്‍ വൃത്തിയാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായതിനാല്‍ കര്‍ശന നടപടികളില്‍നിന്ന് ഉദ്യോഗസ്ഥരും പിന്‍വലിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.