പഴയ മുഖങ്ങളില്‍ പലരുമില്ലാതെ സി.പി.എം പെരുമ്പാവൂര്‍ ഏരിയ സമ്മേളനത്തിന് കൊടിയിറങ്ങി
text_fieldsപെരുമ്പാവൂര്‍: സി.പി.എം ഏരിയ സമ്മേളനത്തിന് കൊടിയിറങ്ങിയതോടെ പഴയ മുഖങ്ങളും പരിചയസമ്പന്നരും ഇല്ലാതെയാണ് കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടതെന്ന ചര്‍ച്ച പാര്‍ട്ടിക്കകത്ത് സജീവമായി. കഴിഞ്ഞ തവണത്തെ സെക്രട്ടറിയായിരുന്ന സി.എം. അബ്ദുല്‍കരീമിനെ നിലനിര്ത്തിയതൊഴികെ പലരും പുതുമുഖങ്ങളാണ്. വര്‍ഷങ്ങളായി ഏരിയ കമ്മിറ്റിയിലുണ്ടായിരുന്ന പി.കെ. സോമന്, വി.പി. ശശീന്ദ്രന്, കെ.എം. അന്‍വര്‍ അലി, കെ.ഇ. നൗഷാദ്, കെ.ഡി. ഷാജി, ആര്.എം. രാമചന്ദ്രന് ഉൾപ്പെടെയുള്ളവര്‍ ഇത്തവണ ഇല്ല. പുതിയ ആളുകള്‍ക്ക് വഴിയൊരുക്കിയെന്ന് പറയുമ്പോള്‍തന്നെ പഴയ ഏരിയ സെക്രട്ടറിമാരായിരുന്ന പി.എം. സലീമും എം.ഐ. ബീരാസും ഇടംപിടിച്ചിട്ടുണ്ട്. സാജു പോളിനെയും വി.പി. ഖാദറിനെയും പരിഗണിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് ബാബു ജോസഫ് നല്കിയ പരാതിയെത്തുടര്‍ന്ന് നടപടിക്ക് വിധേയരായിരുന്നു സാജുപോളും പി.എം. സലീമും എം.ഐ. ബീരാസും. ഒക്കല്‍ പഞ്ചായത്ത് മുന്‍ മെംബറും ദീര്‍ഘകാലം ഒക്കല്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ.ഡി. ഷാജിയുടെ പേര് സെക്രട്ടറിസ്ഥാനത്തേക്കു പോലും ഉയര്‍ന്നുകേട്ടിരുന്നു. കെ.ഡി. ഷാജിയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുകൂടിയായ കെ.എം. അന്‍വര്‍ അലിയും കമ്മിറ്റിയില്‍പോലും ഇല്ലാത്തത് അണികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഒരുപക്ഷേ ഇത് വരുന്ന പാര്‍ട്ടി കമ്മിറ്റികളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കാം.
വര്‍ഷങ്ങളായി ടൗണില്‍ പാര്‍ട്ടിയുടെ സജീവ സാന്നിധ്യമായ കെ.ഇ. നൗഷാദിനെ ഒഴിവാക്കിയത് സംസാരമായിട്ടുണ്ടെങ്കിലും പൊതുവേയുള്ള അതൃപ്തിയാണ് മാറ്റിനിര്‍ത്തപ്പെട്ടതെന്നാണ് വിവരം. പി.കെ. സോമനെയും വി.പി. ശശീന്ദ്രനെയും പ്രായപരിധി തടസ്സമായതുകൊണ്ടാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതെന്ന വാദമുയരുമ്പോള്‍, പ്രവര്‍ത്തന പരിചയം മുന്‍നിര്‍ത്തി പരിഗണിക്കാമായിരുന്നുവെന്ന അഭിപ്രായവുമുയരുന്നു. ചിലരെ സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളും പരാതികളും കണക്കിലെടുത്താണ് മാറ്റിനിര്‍ത്തിയതെന്ന വിശദീകരണം വരുമ്പോള്‍ ഇതേ വിഷയത്തില്‍ ആരോപണവിധേയന് നിലവില്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന മറുവാദവുമുണ്ട്. പുതുതായി വന്നവരില്‍ ഭൂരിഭാഗവും പ്രവര്ത്തനമികവില്ലാത്തവരെന്ന അഭിപ്രായവുമുണ്ട്. മേല്‍ഘടകങ്ങളുടെ നിര്‍ദേശപ്രകാരമാണ് പുതിയ പാനല്‍ രൂപപ്പെട്ടതെന്നും മാറ്റിനിര്‍ത്തപ്പെട്ടതിൽ ഒരു പങ്കുമില്ലെന്നുമാണ് ആക്ഷേപമുന്നയിക്കുന്നവര്ക്കുള്ള ഏരിയ നേതൃത്വത്തിന്റെ മറുപടി. ഏരിയ കമ്മിറ്റി ഓഫിസിന്റെ നിയന്ത്രണം ഓഫിസ് സെക്രട്ടറിയിലൊതുങ്ങിയെന്ന് ചര്‍ച്ചയായ സാഹചര്യത്തില്‍ അക്കാര്യത്തില്‍ മാറ്റങ്ങളുണ്ടാകും. നഗരത്തിലെ ഗതാഗതക്കുരുക്കും പാത്തിത്തോട് സംരക്ഷണവും താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയായി ഉയര്ത്തണമെന്നതുമായ പ്രമേയങ്ങൾ ചര്‍ച്ച ചെയ്തപ്പോൾ അര്‍ബന്‍ ബാങ്കില്‍ നടന്ന വെട്ടിപ്പ് പരാമര്‍ശിക്കപ്പെട്ടില്ലെന്നും സംസാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.