കൂവപ്പടിയിലെ ദേഹണ്ഡപ്പുരകള് ഈ ഓണത്തിനും തിരക്കിലാണ്
text_fieldsപെരുമ്പാവൂര്‍: സസ്യാഹാര പാചകത്തിന് പേരുകേട്ട കൂവപ്പടിയിലെ ദേഹണ്ഡപ്പുരകള് ഈ ഓണത്തിനും തിരക്കിലാണ്. ഇവിടത്തെ ദേഹണ്ഡപ്പെരുമക്ക് ഒരു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. തമിഴ് ബ്രാഹ്മണരുടെ മഠങ്ങള്‍ ഏറെയുണ്ടായിരുന്ന കൂവപ്പടിയില്‍ സസ്യാഹാര ശീലത്തിനായിരുന്നു പണ്ട് മുന്‍തൂക്കം.
ഇവിടത്തെ നായര്‍ ദേഹണ്ഡക്കാരുടെ സദ്യക്കായിരുന്നു ഏറെ പ്രിയം. കൂവപ്പടിക്കാരായ പാചകക്കാരുടെ തനതു ശൈലിയിലുള്ള പച്ചക്കറി സദ്യക്ക് അന്നും ഇന്നും ആവശ്യക്കാരേറെയാണ്. നാടന്‍ ശൈലിയിലുള്ള നളപാചകക്കാരില് പ്രശസ്തരായവര്‍ പലരും മണ്മറഞ്ഞു. 1993ല്‍ 90ാം വയസ്സില്‍ അന്തരിച്ച പുതിയേടത്ത് ഗോവിന്ദന് നായരാണ് കൂവപ്പടിയുടെ ചരിത്രത്തിലെ ഏറ്റവും പഴയ പാചകക്കാരന്.
അദ്ദേഹത്തിന്റെ ശിഷ്യ പരമ്പരയില്‍പെട്ട നിരവധിപേര്‍ പില്ക്കാലത്ത് ഈ മേഖലയില്‍ അറിയപ്പെടുന്നവരായി മാറി. പെരുമ്പാവൂരിലെ പഴയ അരുണ കേഫിലെ പാചകക്കാരനായി വടക്കന്‍ പറവൂരില്‍ നിന്നെത്തിയ സോമന്‍പിള്ള പിന്നീട് കൂവപ്പടിയിലെ മികച്ച പാചകക്കാരനായി മാറിയത് ഗോവിന്ദന് നായരുടെ പാചകക്കളരിയില്‍ നിന്നാണ്. വിവാഹ സീസണുകളിലും ഓണം, വിഷുക്കാലങ്ങളിലും ഇവിടത്തെ പാചകക്കാര്‍ക്ക് തിരക്കോട് തിരക്കാണ്.
ഇവരുടെ വീടുകളോട് ചേര്‍ന്നുള്ള ദേഹണ്ഡപ്പുരകളിലാണ് സദ്യവട്ടങ്ങളൊരുങ്ങുന്നത്. നിരവധി പേരുടെ തൊഴിലിടം കൂടിയാണിത്. കൂവപ്പടി, കൊരുമ്പശ്ശേരി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചെറുതും വലുതുമായ സൗകര്യങ്ങളില്‍ വെജിറ്റേറിയന്‍ കാറ്ററിങ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇപ്പോഴുള്ള പാചക്കാരില്‍ ഏറ്റവും മുതിര്‍ന്നയാള്‍ വലിയമംഗലത്തില്ലം രാജന് ഇളയതാണ്. സുന്ദരന്‍ നെടുമ്പുത്ത്, ഗോപന് നെടുമ്പുറത്ത്, സജീവ് നെടുമ്പുറത്ത്, മാടമ്പിള്ളി രാമന് നായര്‍, പ്രകാശ് നാരങ്ങാമ്പുറം, രാഹുല്‍ രാമന്, കൂവേലി പുത്തന്‍കോട്ടയില്‍ ഗോപാലകൃഷ്ണന്, കൂടാലപ്പാട് ലക്ഷ്മണയ്യര്‍, ശ്രാമ്പിയ്ക്കല്‍ മഠം സഹസ്രനാമ അയ്യര്‍ തുടങ്ങിയ ഒരു പറ്റം നളപാചകക്കാരുടെ ദേഹണ്ഡപ്പെരുമ ഇന്നും കൂവപ്പടിക്കുണ്ട്.
അത്തം മുതല്‍ തുടങ്ങിയ സദ്യവട്ടത്തിരക്കിലാണ് എല്ലാവരും. ഇവരുടെ ഓണസദ്യയും വിവിധതരം പായസങ്ങളും വിതരണത്തിനായി പലയിടങ്ങളിലും കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.