വെങ്ങോലയിലെ കുടിവെള്ള പ്രശ്നം, മന്ത്രിതല ഇടപെടല്‍ അനിവാര്യം
text_fieldsപെരുമ്പാവൂര്‍: വെങ്ങോലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ മന്ത്രിതല ഇടപെടല്‍ അനിവാര്യമാണെന്ന് വെള്ളിയാഴ്ച കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. മന്ത്രി തലത്തിലുള്ള ഇടപെടല്‍ ഇല്ലാതെ പൊതുമരാമത്ത് വിഭാഗവും ജല അതോറിറ്റിയും തമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ സാധ്യമല്ലെന്ന് എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ അറിയിച്ചു.
ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ പണി പൂര്‍ത്തിയാക്കിയ എ.എം റോഡ് വെട്ടിപ്പൊളിക്കാൻ നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നടപടിയാകില്ല. മന്ത്രി തലത്തില്‍ പ്രത്യേക തീരുമാനമെടുത്താല്‍ മാത്രമെ പൈപ്പിടല്‍ പൂര്‍ത്തീകരിച്ച് റോഡ് പൂര്വസ്ഥിതിയിലാക്കാനാകു. വരുന്ന ആഴ്ച രണ്ടു മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ ഈ പ്രശ്നവുമായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും കലക്ടറുടെയും സംയുക്ത യോഗം വിളിച്ചുചേര്‍ക്കുമെന്നും എം.എല്‍.എ അറിയിച്ചു.
പലയിടങ്ങളിലും പൊട്ടിയ കാലപ്പഴക്കം ചെന്ന പൈപ്പ് മാറ്റിയിടാന്‍ ശ്രമിച്ചതിന്റെ ഭാഗമായി ഒമ്പത് കോടി രൂപ അനുമതിയായ ശേഷം പി.ഡബ്ല്യു.ഡിയും ജല അതോറിറ്റിയും തമ്മിലെ തര്‍ക്കം മൂലം ജനങ്ങള്‍ക്ക് അവകാശപ്പെട്ട കുടിവെള്ളം നിഷേധിക്കപ്പെടുന്നത് വിഷമകരമായ അവസ്ഥയാണെന്ന് യോഗം വിലയിരുത്തി.
പഞ്ചായത്തിലെ പടിഞ്ഞാറ് മേഖലയായ വലിയകുളം, ഈച്ചരന്‍ കവല, കദളിക്കുന്ന്, ഊട്ടിമറ്റം എന്നിവിടങ്ങളിലാണ് തുടര്‍ച്ചയായി കുടിവെള്ള വിതരണം തടസപ്പെടുന്നത്. അടിക്കടി പൈപ്പ് പൊട്ടുന്നതുകൊണ്ടാണ് കുടിവെളള വിതരണം മുടങ്ങുന്നതെന്നും ഇതിന് ഉത്തരവാദി എം.എല്‍.എയാണെന്നും കഴിഞ്ഞ ബുധനാഴ്ച പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇടതുപക്ഷ പഞ്ചായത്തംഗങ്ങള്‍ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വെള്ളിയാഴ്ച കലക്ടറുടെ ചേംബറില്‍ വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.