പഞ്ചായത്ത് വഴി കൈയേറി ഖനനം: നടക്കാന്‍ പോലും റോഡില്ലാതെ നാട്ടുകാര്‍
text_fieldsപെരുമ്പാവൂര്‍: പുറമ്പോക്ക് കൈയേറി പാറ പൊട്ടിച്ച് പൊതുവഴി ഇല്ലാതാക്കിയതായി പരാതി. വെങ്ങോല പഞ്ചായത്തിൽ അറക്കപ്പടി വില്ലേജിലെ പെരുമാനി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രാനൈറ്റ് കമ്പനിയാണ് പ്രദേശവാസികള്‍ സഞ്ചരിച്ചിരുന്ന 12 അടി പഞ്ചായത്ത് വഴി കൈയേറിയത്. നിരവധി കുടുംബങ്ങളുടെ വഴിയാണ് ഇതോടെ ഇല്ലാതായത്. വെങ്ങോല പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിനായി ലൈഫ് ഭവനപദ്ധതിയില്‍ 40ഓളം വീട് നിര്‍മിക്കാൻ വാങ്ങിയ ഒരേക്കര്‍ സ്ഥലത്തേക്കുള്ള വഴികൂടിയാണിത്. ഇതു സംബന്ധിച്ച് തൊട്ടടുത്ത സ്ഥല ഉടമ താഴത്തെകുടി റെനി ആര്.ടി.ഒ, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് ഉള്‍പ്പെടെയുള്ളവർക്ക് പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ വില്ലേജ് ഓഫിസര്‍ സ്ഥലത്തിന്റെ ഏകദേശം 20 മീറ്റര്‍ തെക്ക് ഭാഗത്തുകൂടി പോകുന്ന ഓട്ടത്താണി, ചീനിക്കുഴി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വഴി കൈയേറിയതായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്കി.വര്‍ഷങ്ങള്‍ക്കുമുമ്പ് ആളുകള്‍ സഞ്ചരിക്കുന്നതിനും സാധനസാമഗ്രികള്‍ കൊണ്ടുപോകുന്നതിനും ഈ വഴി ഉപയോഗിച്ചിരുന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.നിലവില്‍ സ്ഥലം കാടുപിടിച്ച് ദുര്ഘടാവസ്ഥയിലാണെന്നും വഴിയുടെ തെക്കുവശത്തായി വളരെ ആഴത്തില്‍ പാറമട സ്ഥിതി ചെയ്യുന്നതായും കാടുപിടിച്ച് കിടക്കുന്നതിനാല്‍ കൃത്യമായ സർവേ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, മൈനിങ് ആൻഡ് ജിയോളജി വിഭാഗവും പഞ്ചായത്തും ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.