വില്ലേജ് ഓഫിസറുടെ മുന്നറിയിപ്പ് അവഗണിച്ച് പാടം നികത്തൽ
text_fieldsപെരുമ്പാവൂര്‍: കീഴില്ലം-കുറിച്ചിലക്കോട് റോഡില്‍ മാണിയാട്ട് ചിറക്ക് സമീപം ഒരേക്കർ പാടശേഖരം രാത്രിയുടെ മറവില്‍ മണ്ണിട്ട് നികത്തുന്നു. രായമംഗലം പഞ്ചായത്ത് 18ാം വാര്‍ഡ് മാണിയാട്ട് ചിറയുടെ തെക്കുള്ള പുറമ്പോക്കുഭൂമി ഉള്‍പ്പെടെയുള്ള സ്ഥലമാണ് മണ്ണും ക്രഷര്‍ വേസ്റ്റും ഇട്ട് നികത്തുന്നത്.
സമീപത്തെ ക്രഷര്‍ ഉടമകളുടെ ഉടമസ്ഥതയിലെ സ്ഥലമാണിത്. ഡേറ്റ ബാങ്കില്‍ നിലം പുരയിടമാക്കി എന്ന വ്യാജേന നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണിത്. ക്രഷറില്‍നിന്ന് പുറന്തള്ളുന്ന വേസ്റ്റ് ഇട്ട് നിരത്തുന്നത് മലിനീകരണത്തിന് കാരണമാകുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു.
ഇതിനെതിരെ നാട്ടുകാര്‍ പഞ്ചായത്തിലും വില്ലേജിലും പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ രായമംഗലം വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിക്കുകയും തള്ളിയ മണ്ണും ക്രഷര്‍ വേസ്റ്റും ഉടന്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് അവഗണിച്ച് ബുധനാഴ്ച രാത്രിയും നികത്തിയതായി പ്രദേശവാസികള്‍ ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ചതായും അനുമതിയില്ലാതെ നിരത്തിയ മണ്ണും വേസ്റ്റും ഉടന്‍ നീക്കം ചെയ്യണമെന്നും സ്ഥലം ഉടമയോട് ആവശ്യപ്പെട്ടതായും രായമംഗലം വില്ലേജ് ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.