പ്ലാസ്റ്റിക് കമ്പനിയിലെ അഗ്നിബാധ; തൊഴിലാളികള്‍ കത്തിച്ചതെന്ന് സംശയം
text_fieldsപെരുമ്പാവൂര്‍: പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ തീപിടിത്തത്തിന് പിന്നില്‍ രണ്ട് തൊഴിലാളികളാണെന്ന് ഉടമകള്‍. കഴിഞ്ഞ ഒമ്പതിന് ചേലാമറ്റം പോളിപ്ലാസ്റ്റ് എന്ന ‘ചെയര്മാന് ചെയര്‍’ കസേര നിര്‍മാണ കമ്പനിയിലുണ്ടായ അഗ്നിബാധക്ക് പിന്നില്‍ രണ്ട് അന്തര്‍ സംസ്ഥാന തൊഴിലാളികളാണെന്ന് സി.സി ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ തെളിവുകളോടെ ഉടമകള്‍ പരാതി നല്കി. തീപിടിത്തം സ്വഭാവികമല്ലെന്ന് സംഭവമുണ്ടായ ദിവസം തന്നെ അഗ്നിരക്ഷ ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടോ തീ പിടിക്കാനുള്ള മറ്റ് സാഹചര്യങ്ങളോ കെട്ടിടത്തിന് അകത്തും പുറത്തും ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് കമ്പനിയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയായിരുന്നു. തുടര്‍ന്നാണ് കത്തിക്കുന്ന രംഗങ്ങള്‍ ലഭിച്ചത്. പൊലീസ് പരിശോധനയിലും ഇത് സ്ഥിരീകരിച്ചു.
രണ്ടുപേരില്‍ ഒരാള്‍ മാലിന്യം കത്തിച്ച് കസേര ക്കൂട്ടത്തിലേക്ക് ഇട്ട ശേഷം ഓടുന്നതും ഉടനെ തീ ആളി കത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അഗ്നിബാധയില്‍ നാല് നിലകളില്‍ നിര്‍മിച്ചിരുന്ന ഗോഡൗണും അകത്തുണ്ടായിരുന്ന കസേരകളും കത്തിയമര്‍ന്നു. പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ലോറികള്‍ അഗ്നിക്കിരയായി. മൂന്ന് കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ദൃശ്യങ്ങളില്‍ വ്യക്തമായവരെ പൊലീസ് തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി എട്ടോടെ കമ്പനിയുടെ പുറത്ത് ഇറക്കിവിട്ടതായി ഉടമകള്‍ പറയുന്നു. അകത്തേക്ക് കയറ്റാന്‍ സെക്യൂരിറ്റി വിസമ്മതിച്ചു. പ്രതികളെന്ന് വ്യക്തമല്ലാത്തതുകൊണ്ടാണ് വിട്ടതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെയുളളവര്‍ ബന്ധപ്പെട്ടതോടെ ചൊവ്വാഴ്ച രാവിലെ പൊലീസ് വീണ്ടും രണ്ടു പേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് നിരുത്തരവാദിത്വപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഉടമകള്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഉടമകളില്‍ ഒരാളായ വി.കെ. ഗോപി എ.എസ്.പിക്ക് പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.