മാലിന്യവാഹിനിയായി തുടരണോ, അണക്കോലിത്തുറ
text_fieldsപെരുമ്പാവൂര്‍: മാലിന്യം തള്ളി ഉപയോഗശൂന്യമാക്കിയ അണക്കോലിത്തുറ ശൂചീകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യമുയരുന്നു. ഒക്കല്‍, കൂവപ്പടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് ഒഴുകുന്ന തുറയിലേക്ക് സമീപത്തെ റൈസ് മില്ലുകളില്‍ നിന്നും ഫാമുകളില്‍ നിന്നും വന്‍തോതില്‍ മലിന ജലം ഒഴുക്കിയതിന്റെ ഫലമായാണ് ഉപയോഗശുന്യമായി മാറിയത്. കാലങ്ങളായി പ്രദേശത്തെ ജനങ്ങള്‍ കൂടിവെള്ള ആവശ്യത്തിനും അലക്കാനും കുളിക്കാനും ആശ്രയിച്ചിരുന്ന തുറ ഇന്ന് മാലിന്യവാഹിനിയായി മാറി.
10 വര്‍ഷം മുമ്പ് വരെ ഒക്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം പമ്പ് ചെയ്തിരുന്നത് ഇവിടെ സ്ഥാപിച്ച പമ്പ് ഹൗസ് വഴിയായിരുന്നു. കുന്നക്കാട്ടുമലയില്‍ നബാര്‍ഡിന്റെ കുടിവെള്ള പദ്ധതി വന്നതോടെ പമ്പ് ഹൗസ് പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.
ഈ അവസരം മുതലെടുത്ത് തുറയിലേക്ക് കമ്പനികളിലെ വിഷജലം ഒഴിക്കിവിടുകയാണുണ്ടായത്. ഇതോടെ സമീപത്തെ കിണറുകളും മറ്റ് കുടിവെള്ള സ്രോതസുകളം മലിനമായി. അണക്കോലിത്തുറയിലെ വെള്ളം ഒഴുകിയെത്തുന്നത് വല്ലം പുത്തന്‍ പാലവും, പഴയ പാലവും കടന്ന് പുഴയിലേക്കാണ്.
പതിനായിരങ്ങൾ ആശ്രയിക്കുന്ന പെരിയാറിലെ കുടിവെള്ള പദ്ധതികളിലേക്ക് മലിനമായ വെള്ളം ഒഴുകിയെത്തുന്നത് ഗൗരവകരമാണ്. അടിയന്തരമായി തോട്ടിലേക്ക് മാലിന്യമൊഴുക്കുന്നത് തടയുകയും പ്രവര്‍ത്തനം നിലച്ചുകിടക്കുന്ന പമ്പ് ഹൗസ് മൈനര്‍ ഇറിഗേഷന്‍ കൈമാറി പമ്പിങ് പുനരാരംഭിച്ച് കുന്നക്കാട്ടുമലയില്‍ എത്തിച്ച് കൈത്തോടുകള്‍ രൂപപ്പെടുത്തി കൃഷി ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. ജല അതോറിറ്റിയുടെ കീഴിലുള്ള പമ്പ്ഹൗസ് പഞ്ചായത്തിന് കൈമാറാന്‍ നടപടികള്‍ സീകരിക്കണം.
കൃഷിക്ക് ജലസേചനത്തിന് ഉപയോഗപ്പെടുന്ന രീതിയില്‍ പമ്പിങ് പുനരാരംഭിച്ച് തോട് സംരക്ഷിക്കണമെന്നും ജനകീയ സമിതി പഞ്ചായത്ത് അധികൃതര്‍ക്കും വാട്ടര്‍ അതോറിറ്റിക്കും നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.