ഹവാല പണം കണ്ടെടുക്കൽ; അന്വേഷണം ഊര്‍ജിതമാക്കി
text_fieldsപെരുമ്പാവൂർ: കാറിൽ കടത്തിയ രണ്ട് കോടിയുടെ ഹവാല പണം പിടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പണം ആരുടേതെന്നും കൊണ്ടുപോയത് ആർക്കുവേണ്ടിയാണ് എന്നിവ സംബന്ധിച്ചാണ് പ്രധാന അന്വേഷണം. പിടിയിലായ വാഴക്കുളം ആവോലി വെളിയത്ത് കുന്നേൽ വീട്ടിൽ അമൽ മോഹനും കല്ലൂർക്കാട് തഴുവാംകുന്ന് കാരികുളത്തിൽ വീട്ടിൽ അഖിലും സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു.
ഇവർ ഇതിന് മുമ്പ് പണം കടത്തിയിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നു. പണം കോടതിയിൽ ഹാജരാക്കി ട്രഷറിയിൽ അടച്ചു. പ്രതികൾ പൊലീസ് കസ്റ്റഡിയിലാണ്. രേഖാമൂലം കണക്കിൽപെട്ട പണമാണെങ്കിൽ നടപടികൾ പൂർത്തിയാക്കി ഉടമക്ക് കൈമാറേണ്ടതുണ്ട്. എന്നാൽ, ശനിയാഴ്ച ആരും പൊലീസിനെ സമീപിച്ചിട്ടില്ലെന്നാണ് വിവരം. കണക്കിൽപെടാത്ത പണമാണെങ്കിൽ കാറിൽ അറകളിൽ ഒളിപ്പിച്ച് കടത്തേണ്ടതില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
കോയമ്പത്തൂരിൽനിന്ന് കോട്ടയം ഭാഗത്തേക്കാണ് പണം കൊണ്ടുപോയത്. 500 രൂപയുടെ കെട്ടുകളായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്കമാലിയിൽവെച്ച് പൊലീസ് പിന്തുടരുകയായിരുന്നു. സമീപങ്ങളിലെ സ്ഥാപങ്ങളിൽനിന്ന് നോട്ട് എണ്ണുന്ന യന്ത്രം കൊണ്ടുവന്ന് പണം തിട്ടപ്പെടുത്തുകയായിരുന്നു. രാത്രി എട്ടിന് ശേഷമാണ് നടപടികൾ പൂർത്തിയാക്കിയത്. കാറും പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.