മഴ കനത്തു; മണ്ണിടിഞ്ഞും മരം വീണും വ്യാപക നാശം
text_fieldsപെരുമ്പാവൂർ: മഴ കനത്തതോടെ മേഖലയിൽ മണ്ണിടിഞ്ഞും മരങ്ങൾ വീണും നാശനഷ്ടം വ്യാപകമാകുന്നു. ചൊവ്വാഴ്ച രാവിലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും കീഴില്ലം-മാനാറി റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പി.ഡബ്ല്യു.ഡി റോഡിൽ ഒരു മണിക്കൂറിലേറെയാണ് ഗതാഗതം സ്തംഭിച്ചത്.
നാട്ടുകാർ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തടസ്സം നീക്കിയത്. പ്രദേശത്തെ വൈദ്യുതി വിതരണവും ഏറെനേരം സ്തംഭിച്ചു. മുടക്കുഴ പഞ്ചായത്ത് 11ാം വാര്‍ഡിൽ കൊരുമ്പുമഠം നാരായണൻ നായരുടെ വീട്ടിലെ കിണർ തിങ്കളാഴ്ച പെയ്ത മഴയിൽ ഇടിഞ്ഞു. അറക്കപ്പടി പുളിഞ്ചോട് ഭാഗത്ത് അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലേക്ക് തിങ്കളാഴ്ച രാത്രി മണ്ണിടിഞ്ഞു. കെട്ടിടത്തിന് നാശം സംഭവിച്ചെങ്കിലും ആളുകള്‍ക്ക് പരിക്കില്ല. വാഴക്കുളം പഞ്ചായത്ത് 14ാം വാര്‍ഡിൽ കല്ലേലിമൂല ഭാഗത്ത് മൂന്ന് വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഇതിൽ തോട്ടാളി വീട്ടിൽ നബീസയുടെ വീടിനും കിണറിനും നാശം സംഭവിച്ചു. മഹമൂദ്, ബഷീർ, ഷാജി എന്നിവരുടെ വീടിന്റെ പിറകുവശത്തുള്ള 15 അടിയോളം ഉയരമുള്ള മതിലാണ് ഇടിഞ്ഞത്. വില്ലേജ് ഓഫിസർ സ്ഥലം സന്ദര്‍ശിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
മേതലയിൽ പ്ലൈവുഡ് കമ്പനിക്കുവേണ്ടി മല നിരപ്പാക്കിയ ഭാഗത്തുനിന്ന് അംബേദ്കർ-ത്രിവേണി റോഡരികിലേക്ക് തിങ്കളാഴ്ച രാത്രി മണ്ണിടിഞ്ഞു. ആര്‍ക്കും പരിക്കില്ല. ഉരുള്‍പൊട്ടൽ സാധ്യത നിലനില്‍ക്കുന്ന ദുര്‍ബല പ്രദേശമെന്ന് വില്ലേജ് ഓഫിസർ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കിയ പ്രദേശത്തായിരുന്നു അപകടം. ഇവിടെ അപകട ഭീഷണി നിലനില്‍ക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. മഴക്കാലം മുന്നിൽകണ്ട് അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റാതിരുന്നത് വീടുകള്‍ക്കും വൈദ്യുതി വിതരണ സംവിധാനങ്ങൾക്കും ഭീഷണിയായി മാറുകയാണ്. മഴ തുടങ്ങിയതിന് ശേഷമാണ് വൈദ്യുതി കമ്പികളിലേക്ക് ചാഞ്ഞുനില്ക്കുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റിത്തുടങ്ങിയത്. കാറ്റ് ശക്തമായതോടെ ഒക്കൽ പഞ്ചായത്തിലെ പല സ്ഥലങ്ങളിലും വൈദ്യുതിമുടക്കം വ്യാപകമാണെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.