മലയോര ഹൈവേ: തടസ്സങ്ങള്‍ നീക്കി പെരുമ്പാവൂര്‍ മണ്ഡലത്തില്‍ കല്ലിടല്‍ പൂര്‍ത്തീകരിച്ചു
text_fields1.85 കിലോമീറ്റര്‍ റോഡാണ് ആദ്യഘട്ടം ഏറ്റെടുക്കുന്നത്
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ മണ്ഡലത്തില്‍ മലയോര ഹൈവേ പദ്ധതിയുടെ അതിര്‍ത്തി നിര്‍ണയിച്ച് സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്ന നടപടി പൂര്‍ത്തീകരിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ചെട്ടിനട ജങ്ഷനില്‍ കല്ല് സ്ഥാപിക്കുന്ന യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം വ്യക്തമാക്കിയത്.
കൂവപ്പടി പഞ്ചായത്തിലെ അഭയാരണ്യം മുതല്‍ ചെട്ടിനട വരെയുള്ള 1.85 കിലോമീറ്റര്‍ ഭാഗമാണ് പൂര്‍ത്തീകരിച്ചത്. റോഡിന് ആവശ്യമായ 12 മീറ്റര്‍ എല്ലായിടത്തും ലഭ്യമായിരുന്നില്ല. റോഡിന്റെ ഒരുവശത്ത് 850 മീറ്ററോളം സ്ഥലം മംഗലത്തില്‍ കുടുംബം വകയാണ്. എം.എല്‍.എയുടെ നേതൃത്വത്തില്‍ മംഗലത്തില്‍ കുടുംബാംഗവുമായി സംസാരിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്ത് റോഡിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കാന്‍ അവര്‍ തയാറായതോടെ കീറാമുട്ടിയായ പ്രശ്നങ്ങള്‍ ഒഴിവായി.
കോടനാട് ഗവ. ആശുപത്രിക്കും വൈദ്യുതി ഓഫിസിനും സൗജന്യമായി സ്ഥലം വിട്ടുകൊടുത്തത് മംഗലത്തില്‍ കുടുംബാംഗങ്ങളാണ്. നിലവിലെ റോഡിന്റെ പരാതിയുള്ള ഭാഗങ്ങളിലെ പുറമ്പോക്കുകള്‍ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. നിലവില്‍ ശരാശരി ഒമ്പത് മീറ്റര്‍ വീതിയുള്ള റോഡിന്റെ ഇരുവശത്തുനിന്നും ഒന്നര മീറ്റര്‍ വീതം എല്ലാ സ്ഥലമുടമകളും സൗജന്യമായി വിട്ടുകൊടുത്തു. തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം ജങ്ഷനില്‍നിന്ന് ആരംഭിച്ച് പട്ടിക്കാട്, വിലങ്ങന്നൂര്‍, മരോട്ടിച്ചാല്‍, വെള്ളികുളങ്ങര, രണ്ടുകൈ, ചായിപ്പന്‍കുഴി, അരൂര്‍മുഴി, അതിരപ്പിള്ളി, മഞ്ഞപ്ര, മലയാറ്റൂര്‍, കാടപ്പാറ, ഇല്ലിത്തോട്, അഭയാരണ്യം, ചെട്ടിനട, ചേറങ്ങനാല്‍ പ്രദേശങ്ങളിലൂടെയാണ് ഹില്‍ ഹൈവേ കടന്നുപോകുക.
12 മീറ്റര്‍ വീതിയിലാണ് ഹൈവേ നിര്‍മാണം. റോഡിന്റെ ഇരുവശങ്ങളിലും ഒന്നരമീറ്റര്‍ വീതം നടപ്പാത നിര്‍മിക്കും. പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ നാലാമത്തെ ഘട്ടത്തില്‍ ഉള്‍പ്പെടുത്തി 1.85 കിലോമീറ്റര്‍ റോഡാണ് ആദ്യഘട്ടം ഏറ്റെടുക്കുന്നത്. പെരിയാറിനുകുറുകെ ഒരു പാലംകൂടി നിര്‍മിക്കുന്നതിന് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. പട്ടിക്കാട് മുതല്‍ ചെട്ടിനട വരെ റോഡിന് 32 കിലോമീറ്ററാണ് ദൈര്‍ഘ്യം. ഇതില്‍ 12 ഹെക്ടര്‍ സ്ഥലം വനംവകുപ്പിന്റെ പരിധിയിലാണ്. വനത്തിന് മുകളിലൂടെ എലിവേറ്റഡ് ഹൈവേ നിര്‍മിച്ച് റോഡ് ഉപയോഗിക്കും. പദ്ധതിക്ക് സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് ചുറ്റുമതില്‍ നിര്‍മിച്ചുകൊടുക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.