പെരുമ്പാവൂർ മേഖലയിൽ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് പൊലീസിനെ വലക്കുന്നു
text_fieldsപെരുമ്പാവൂർ: മേഖലയിൽ തുടർച്ചയായി അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തുന്നത് പൊലീസിനെ വലക്കുന്നു. ബുധനാഴ്ച ഒക്കൽ പഞ്ചായത്തിലെ കാരിക്കോട്ട് അടഞ്ഞുകിടന്ന അരിക്കമ്പനി വളപ്പിലും ഒരാഴ്ച മുമ്പ് നഗരത്തിലെ സിഗ്നൽ ജങ്ഷന് സമീപത്തെ മുറിക്കകത്തും പഴകിദ്രവിച്ച മൃതദേഹങ്ങൾ കഴിഞ്ഞദിവസം കണ്ടെത്തി. ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ടാം തവണയാണ് ആളൊഴിഞ്ഞ ഇടങ്ങളിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ഫെബ്രുവരി 15ന് നഗരത്തിലെ സോഫിയ കോളജ് റോഡില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. ഒക്കലിലും സിഗ്നൽ ജങ്ഷന് സമീപവും കണ്ടെത്തിയ മൃതദേഹങ്ങൾ ആഴ്ചകൾ പഴക്കമുള്ളതായിരുന്നുവെന്നത് ഗൗരവകരമാണ്.
അഴുകി ദുർഗന്ധം വമിച്ചപ്പോഴാണ് വിവരം പുറംലോകം അറിയുന്നത്. വികൃതമായതിനാൽ ആരാണ്, എങ്ങനെ മരിച്ചു എന്നെല്ലാം കണ്ടെത്തുക പൊലീസിന് തലവേദനയാണ്. രണ്ട് സ്ഥലങ്ങളിലും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടന്നെങ്കിലും തുമ്പുണ്ടായില്ലെന്നാണ് വിവരം. അടുപ്പിച്ചിട്ടുണ്ടാകുന്ന ദുരൂഹ മരണങ്ങൾ ജനങ്ങൾക്കിടയിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. നാട്ടുകാരായവരെ കാണാതായ പരാതി ഇല്ലാത്തതിനാൽ മരിച്ചത് അന്തർസംസ്ഥാനക്കാരാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇത് ഉറപ്പിക്കാനുള്ള തെളിവുകളില്ല.
ഒക്കലിൽ സംഭവം നടന്ന സ്ഥലത്ത് രാത്രിയിൽ സാമൂഹികവിരുദ്ധർ തമ്പടിച്ചിരുന്നതായി പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർ പറയുന്നു. രാത്രിയിൽ ഇവിടെനിന്ന് ബഹളം കേൾക്കാറുണ്ടെന്ന് പറയപ്പെടുന്നു. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന കെട്ടിടത്തിന്റെ പിന്നിലും വശങ്ങളിലും പൊന്തക്കാടുകളാണ്. ഏക്കറുകണക്കിനുള്ള സ്ഥലത്തിന്റെ പിന്നിലെ വീടും അടഞ്ഞുകിടക്കുകയാണ്. എം.സി റോഡിന്റെ വശത്താണ് കെട്ടിടമെങ്കിലും പിൻഭാഗത്ത് എന്ത് നടന്നാലും അറിയില്ല. രാത്രിയിൽ ആരും ഈ ഭാഗത്തേക്ക് ശ്രദ്ധിക്കാറില്ല.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ കെട്ടിടത്തിൽ വർഷങ്ങൾക്ക് മുമ്പ് ഒരു അന്തർ സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി നാട്ടിലേക്ക് കടന്നുകളഞ്ഞ പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളിലും വിജനമായ പറമ്പുകളിലും രാത്രിയിൽ തങ്ങുന്ന സാമൂഹികവിരുദ്ധരെ കണ്ടെത്താൻ പൊലീസും പ്രവേശനം തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കാൻ ഉടമകളും തയാറാകണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.