അപകട മേഖലയായി കീഴില്ലം
text_fieldsപെരുമ്പാവൂര്‍: മണ്ഡലകാലവും എന്‍.എച്ച് വഴിയുള്ള ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണവും വന്നതോടെ എം.സി റോഡിലെ കീഴില്ലം ഭാഗത്ത് രാവും പകലും ഗതാഗതക്കുരുക്ക്. റോഡ് മുറിച്ചുകടക്കാന്‍ തന്നെ ബുദ്ധിമുട്ടുകയാണ് കാല്‍നട യാത്രക്കാര്‍. ബുധനാഴ്ച ഉച്ചക്ക് അമ്പലപ്പടിയില്‍ ശബരിമലയില്‍ നിന്ന് വന്ന കര്‍ണാടക സ്വദേശികളുടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര് പരിക്കേറ്റ് ചികില്‍സയിലാണ്.
അഞ്ച് മാസം മുമ്പ് ബുധനാഴ്ച അപകടമുണ്ടായ സ്ഥലത്തിന് എതിര്‍വശത്ത് ലോട്ടറി വില്പ്പനക്കാരന് എല്‍ദോസ് അപകടത്തില്‍ മരിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട കീഴില്ലം മഹാദേവ ക്ഷേത്രത്തിന്റെ ശബരിമല ഇടത്താവളം.
പതിനായിരക്കണക്കിന് ഭക്തരുടെ വിശ്രമത്തിനും മറ്റുമുള്ള ആശ്രയമാണിത്. ഇവിടെ പൊലിസ് പേരിനു വന്നുപോകുന്നതല്ലാതെ യാതൊരു സുരക്ഷ നടപടികളും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ആംബുലന്‍സ് സേവനമില്ലാത്തത് മറ്റൊരു പ്രധാന പ്രശ്നമാണ്. ഇതുമൂലം അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാൻ മണിക്കൂറുകളെടുക്കും.
ബുധനാഴ്ച അപകടം നടന്ന സ്ഥലത്ത് ആംബുലന്‍സ് എത്തിയത് അര മണിക്കൂറിന് ശേഷമാണ്. തൊട്ടടുത്ത ആയുര്‍വേദ ആശുപത്രിയില്‍ ആംബുലന്‍സില്ല. പാറേത്തുമുകൾ പള്ളിയുടെയുടെയും രായമംഗലം പഞ്ചായത്തിന്റെയും ആംബുലന്‍സുകളുണ്ടെങ്കിലും അടിയന്തിര ഘട്ടങ്ങളിൽ ലഭ്യമല്ല. മരണാവശ്യങ്ങള്‍ക്കും പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ക്കുമാണ് സര്‍വീസ്.
ബുധനാഴ്ച അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പല വാഹനങ്ങൾക്കും രക്ഷാപ്രവര്‍ത്തകര്‍ കൈകാണിച്ചെങ്കിലും നര്‍ത്തിയില്ല.
അവസാനം ഒരു പിക്അപ്പിലാണ് പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. പിന്നീടാണ് പായിപ്രയില്‍ നിന്ന് ആംബുലന്‍സ് എത്തി മറ്റുള്ളവരെ ആശുപത്രിയില്‍ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.