കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്; ഇനി അംഗന്‍വാടികള്‍ ഹരിതാഭമാകും
text_fieldsപെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ അംഗന്‍വാടികള്‍ ഹരിതാഭമാക്കുന്നു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് ബ്ലോക്ക് പഞ്ചയത്തിന് കീഴിലെ അംഗന്‍വാടികൾ ഹരിതസ്വഭാവം കൈവരിക്കുന്നത്. ഹരിത കേരള മിഷനും ഐ.സി.ഡി.എസുമായി ചേര്‍ന്നാണ് 150 അംഗന്‍വാടികളില്‍ പദ്ധതി നടപ്പാക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗം തീര്‍ത്തും ഒഴിവാക്കി അംഗന്‍വാടികള്‍ പ്രവര്‍ത്തനസജ്ജമാക്കും. ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഡിസ്പോസബിള്‍ വസ്തുക്കള്‍ തീര്‍ത്തും ഒഴിവാക്കും.
പുനരുപയോഗിക്കാന്‍ കഴിയുന്നതും പുനഃചക്രമണം ചെയ്യാന്‍ കഴിയുന്നതുമായ വസ്തുക്കള്‍ മാത്രമേ ഉപയോഗപ്പെടുത്തുകയുള്ളൂ. പ്രകൃതി സൗഹൃദ പാത്രങ്ങള്‍ സജ്ജീകരിക്കും. ഉപയോഗ ശൂന്യമായ ഫര്‍ണിച്ചറുകളും ഇ-മാലിന്യവും നീക്കം ചെയ്യും. ജൈവ-അജൈവ മാലിന്യ സംസ്കരണത്തിന് ബിന്നുകള്‍ സ്ഥാപിക്കും. ഇത് ഈ വര്‍ഷം തന്നെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പരിമിതമായ സ്ഥലമെങ്കിലും ലഭ്യമാക്കി ജൈവ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും സജ്ജീകരിക്കും. ശുദ്ധജലം മിതമായി ഉപയോഗിക്കുന്നതിനുള്ള ബോധവത്കരണം ജീവനക്കാര്‍ക്ക് നല്‍കും.
വൈദ്യുതി ഉപയോഗം ലഘൂകരിക്കും. ശുചിമുറികള്‍ ശിശുസൗഹൃദവും വൃത്തിയുള്ളതുമായി മാറും. ഇത്തരം ക്രമീകരണങ്ങളോടെയാണ് ഹരിത അംഗൻവാടികള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനം ഗാന്ധി ജയന്തി ദിനമായ ബുധനാഴ്ച രായമംഗലം ഗ്രാമപഞ്ചായത്തിലെ ഇരവിച്ചിറ അംഗന്‍വാടിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.