കുന്നത്തുനാട് തഹസില്‍ദാറുടെ വാഹനം ജപ്തി ചെയ്തു
text_fieldsപെരുമ്പാവൂര്‍: സ്ഥലത്തിന്റെ നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് തഹസില്‍ദാരുടെ വാഹനം ജപ്തി ചെയ്തു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിനുവേണ്ടി ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം കൊടുക്കാത്തതിനെ തുടര്‍ന്നാണ് കുന്നത്തുനാട് തഹസില്‍ദാരുടെ വാഹനം പെരുമ്പാവൂര്‍ സബ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ജപ്തി ചെയ്തത്. ഇതേ കേസില്‍ 2023 നവംബറില്‍ ഈ വാഹനവും ഒക്ടോബറില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെയും വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. പിന്നീട് പകുതി പണം സര്‍ക്കാര്‍ കെട്ടിവെച്ചതിനെ തുടര്‍ന്ന് വാഹനങ്ങള്‍ വിട്ടുകൊടുക്കുകയായിരുന്നു. ബാക്കി തുക കെട്ടിവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകത്തതിനെ തുടര്‍ന്നാണ് വീണ്ടും നടപടി ഉണ്ടായത്.
ഈ കേസില്‍ സര്‍ക്കാരും കൊച്ചിന് കോര്‍പ്പറേഷനുമാണ് എതിര് കക്ഷികള്‍. 30,56,416 രൂപയാണ് ഈടാക്കാനുള്ളത്. കേസില്‍ പിടിച്ചെടുത്ത വാഹനം ഉള്‍പ്പടെ 34 ലക്ഷം വിലമതിക്കുന്ന ഒമ്പത് സര്‍ക്കാര്‍ വാഹനങ്ങള്‍ ജപ്തി ചെയ്ത് തുക ഈടാക്കാനാണ് കോടതിയുടെ ഉത്തരവ്. നിലവില്‍ തഹസില്‍ദാരുടെ വാഹനം മാത്രമാണ് ജപ്തി ചെയ്തത്.
ബ്രഹ്മപുരം സ്വദേശി കെ.എന്‍. ശിവശങ്കരന്റെ 20 സെന്റ് ഭൂമിയാണ് 2008ല്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റിനായി ഏറ്റെടുത്തത്. പണം കിട്ടാതെ വന്നതിനെ തുടര്‍ന്നാണ് ഉടമ 2010ല്‍ കോടതിയെ സമീപിച്ചത്.
2017ല്‍ വിധി നടപ്പാക്കാനുളള നടപടികള്‍ ആരംഭിച്ചെങ്കിലും തുക കെട്ടിവെക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് കോടതി ജപ്തി നടപടികളിലേക്ക് നീങ്ങിയത്. എന്നാല്‍, കൊച്ചിന് കോര്പ്പറേഷന് നല്‍കാനുള്ള പണം ഈടാക്കുന്നതിന് കുന്നത്തുനാട് തഹസില്‍ദാരുടെ വാഹനം പിടിച്ചെടുത്തതില്‍ മുറുമുറുപ്പുയരുന്നുണ്ട്. ഏറെ തിരക്കുള്ള കുന്നത്തുനാട് താലൂക്ക് ഓഫീസില്‍ ഒഴിച്ചുകൂടാനാകാത്തതാണ് വാഹനം.
നവകേരള സദസ്സില്‍ ലഭിച്ച പരാതികളുടെ അന്വേഷണം നടക്കുന്ന സമയത്താണ് വാഹനം പിടിച്ചെടുത്തത്. വര്‍ഷാരംഭമായ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ചെയ്ത് തീര്‍ക്കേണ്ടതായ ജോലികള്‍ക്കും വാഹനം ആവശ്യമായിരുന്നുവെന്ന് റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.