പ്രതീക്ഷ കൈവിടാതെ യു.ഡി.എഫ്
text_fieldsപെരുമ്പാവൂര്‍: നിലവിലെ രാഷ്ട്രീയ സാഹചര്യവും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷവും കണക്കാക്കുമ്പോള്‍ പെരുമ്പാവൂര്‍ നിയമസഭ മണ്ഡലത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സ്ഥാനാര്‍ഥിയായതുകൊണ്ട് വിജയ പ്രതീക്ഷയിലാണ് എല്‍.എഡി.എഫ് ക്യാമ്പ്. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ന്യൂപക്ഷങ്ങള്‍ക്ക് നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയും കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണ പരാജയവും വോട്ടാക്കാനാകുമെന്ന വിശ്വാസത്തിലാണ് മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരും നേതാക്കളും.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബെന്നി ബഹനാന് നേടിയ 132,274 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ നല്ലൊരു പങ്ക് പെരുമ്പാവൂര്‍ മണ്ഡലത്തിന്റേതാണ്. പെരുമ്പാവൂര്‍ നഗരസഭ, ഒക്കല്‍, കൂവപ്പടി, വേങ്ങൂര്‍, മുടക്കുഴ, വെങ്ങോല, രായമംഗലം, അശമന്നൂര്‍, വാഴക്കുളം തുടങ്ങിയ മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും യു.ഡി.എഫിന് അനുകൂലമായിരുന്നു. പെരുമ്പാവൂര്‍ നഗരസഭ പരിധികളിലെ ബൂത്തുകളില്‍ യു.ഡി.എഫ് 7626 വോട്ടും എല്‍.ഡി.എഫ് 4382 വോട്ടും നേടിയപ്പോള്‍ ബി.ജെ.പിക്ക് 3279 വോട്ടുണ്ട്. ഒക്കല്‍ മണ്ഡലത്തില്‍ നിന്ന് 6352 വോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി നേടിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 4235 വോട്ടാണ്. 2980 വോട്ട് ബി.ജെ.പി പിടിച്ചു. ഇത്തവണ കൂടുതല്‍ വോട്ടുകള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
കിഴക്കമ്പലം പഞ്ചായത്ത് ആസ്ഥാനമായ ട്വന്റി 20യുടെ വരവ് യു.ഡി.എഫിന് ഭീഷണിയാണെന്നാണ് പൊതു വിലയിരുത്തല്‍. ബെന്നി ബഹനാന്റെ ജന്മനാടായ വെങ്ങോല പഞ്ചായത്തില്‍ എട്ട് അംഗങ്ങള്‍ ട്വന്റി 20ക്കുണ്ട്. കൂവപ്പടി മേഖലയില്‍ യു.ഡി.എഫിന് 5639 വോട്ടും എല്‍.ഡി.എഫിന് 3104 വോട്ടും ബി.ജെ.പിക്ക് 2752 വോട്ടുമാണ് ലഭിച്ചത്. ഇവിടെ രണ്ട് ബൂത്തുകളില്‍ ബി.ജെ.പിക്ക് ലീഡുണ്ട്. കോടനാട് 12 ബൂത്തില്‍ രണ്ടിടത്ത് എല്‍.ഡി.എഫിന് ലീഡ് ലഭിച്ചതൊഴികെ മറ്റിടങ്ങളില്‍ യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം.
വേങ്ങൂരില്‍ 6815 വോട്ട് യു.ഡി.എഫ് പിടിച്ചപ്പോള്‍ എല്‍.ഡി.എഫ് 5401 വോട്ടും, ബി.ജെ.പി 1582 വോട്ടും നേടി. മുടക്കുഴയില്‍ യു.ഡി.എഫിന് 5170 വോട്ടും എല്‍.ഡി.എഫിന് 3444 വോട്ടും ബി.ജെ.പിക്ക് 2203 വോട്ടും കിട്ടി. അശമന്നൂരില്‍ 5402 വോട്ട് യു.ഡി.എഫിനും, എല്‍.ഡി.എഫിന് 4467 വോട്ടുകളുമാണുള്ളത്. കുറുപ്പംപടിയിലെ 13 ബൂത്തില്‍ ഒരു ബൂത്തിലും രായമംഗലത്തെ 14 ബൂത്തില്‍ അഞ്ചിലും എല്‍.ഡി.എഫിന് ലീഡുണ്ട്. അറക്കപ്പടിയിലെ 12 ബൂത്തില്‍ എട്ടില്‍ യു.ഡി.എഫിനും നാലില്‍ എല്‍.ഡി.എഫിനുമാണ് ലീഡ്. ഈ കണക്കുകളിലെ മാറ്റം ഇരു മുന്നണിയിലെയും സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ണായകമാണ്. ക്രിസ്ത്യന്‍ സഭകളുമായി അടുത്തുനില്ക്കുന്ന ബെന്നി ബഹനാന് അവരുടെ ഭൂരിപക്ഷം വോട്ടുകളിലും ന്യൂനപക്ഷ വോട്ടുകളിലും പ്രതീക്ഷയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.