നിര്‍മാണം കഴിഞ്ഞയുടൻ എം.സി റോഡ് തകര്‍ന്നു; വല്ലം-ചൂണ്ടി മുസ്ലിം പള്ളിക്ക് സമീപമാണ് തകര്‍ന്നത്
text_fieldsപെരുമ്പാവൂര്‍: നിര്‍മാണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുന്നതിന് മുന്നേ റോഡ് തകര്‍ന്നു. എം.സി റോഡിലെ വല്ലം-ചൂണ്ടി മുസ്ലിം പള്ളിക്ക് സമീപത്തെ റോഡാണ് തകര്‍ന്നത്. കലുങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് റോഡ് പൊളിച്ചത്. ഇടതടവില്ലാതെ ദീര്‍ഘദൂര വാഹനങ്ങളും നെടുമ്പാശ്ശേരി എയര്പോര്ട്ടിലേക്കുള്ളവരും കടന്നുപോകുന്ന റോഡ് ഭാഗികമായി ഗതാഗതം നിയന്ത്രിച്ചാണ് പണി പൂര്‍ത്തിയാക്കിയത്.
റോഡ് നെടുകെ പിളര്‍ത്തി രണ്ടുവശവും കെട്ടി ബലപ്പെടുത്തിയാണ് സ്ലാബുകള്‍ സ്ഥാപിച്ചത്. എന്നാല്‍, നിര്‍മാണത്തിലെ അപാകം മൂലം ഇപ്പോള്‍ വിണ്ടുകീറുകയാണ്. രാത്രി വരെയുള്ള വിള്ളല്‍ പിറ്റേന്ന് പുലര്‍ച്ച അടക്കുന്ന രീതിയാണിപ്പോള്‍. തകര്‍ന്ന ഭാഗത്ത് പേപ്പര്‍ വിരിച്ച് അതിന് മുകളില്‍ ടാര്‍ ഒഴിച്ച് വിള്ളല്‍ അടക്കുകയാണ് പതിവ്. എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍നിന്ന് 9,95,000 രൂപ ചെവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2020 ഒക്ടോബര്‍ 21ന് ആരംഭിച്ച ജോലികള്‍ പൂര്‍ത്തിയാക്കിയത് 2021 ജൂണിലാണ്.
നിര്‍മാണം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പ് സംസ്ഥാന പാതയുടെ ഭാഗം തകര്‍ന്നത് നിര്‍മാണത്തിലെ അപാകതയാണെന്ന് ആക്ഷേപമുയരുന്നു. തകര്‍ന്ന ഭാഗം പുലര്‍ച്ച അടക്കുന്നതുതന്നെ ഇതിെൻറ തെളിവാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ഇരുവശത്തെയും കല്‍ക്കെട്ടുകള്‍ തകര്‍ന്നതാവാം വിള്ളല്‍ രൂപപ്പെടാന്‍ കാരണമെന്ന് പറയുന്നു. നിര്‍മാണ വേളയില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വേണ്ടത്ര പരിശോധന നടത്തിയിട്ടില്ലെന്നതിന് വ്യക്തമായ തെളിവാണ് തകര്‍ച്ചയിലൂടെ വെളിവാകുന്നത്. കരാറുകാരന് തുക നല്‍കിയിട്ടില്ലെന്നാണ് വിവരം. പണം നല്‍കും മുമ്പ് ബന്ധപ്പെട്ടവര്‍ ഇടപെട്ടാല്‍ തകരാര്‍ പരിഹരിക്കാനാകും. അശ്രദ്ധയുണ്ടായാല് പൂര്‍ണമായ തകര്‍ച്ചക്ക് കാരണമാകുമെന്ന ആശങ്കയിലാണ് ഈ ഭാഗത്തെ വ്യാപാരികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.