തോമസ് കെ. ജോര്‍ജ്; വിടവാങ്ങിയത് അനീതിക്കെതിരെ നിലകൊണ്ട വിപ്ലവകാരി
text_fieldsപെരുമ്പാവൂര്‍: അധികാരികളുടെയും കൈയേറ്റക്കാരുടെയും കണ്ണിലെ കരടായിരുന്നു വെള്ളിയാഴ്ച വിടപറഞ്ഞ തോമസ് കെ. ജോര്‍ജ് എന്ന തോമസ് മാഷ്. വിവരാവകാശ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന് നിശ്ശബ്ദനായ വിപ്ലവകാരിയെന്ന വിശേഷണവുമുണ്ട്. ചില വിഷയങ്ങളില്‍ ഗവര്‍ണറുടെ ഓഫിസിലെപോലും വിവരങ്ങള്‍ അപ്പീല്‍ മറുപടിയായി അദ്ദേഹം നേടിയെടുത്തു. തോമസ് മാഷ് പുറത്തുകൊണ്ടുവരുന്ന വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് പ്രാധാന്യമേറിയതായിരുന്നു.
നിലം നികത്തല്‍, കൈയേറ്റം, റോഡ് തകര്‍ച്ച, പാവപ്പെട്ടവര്‍ക്ക് പട്ടയം വാങ്ങിക്കൊടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ തോമസ് ഇടപെട്ടത് ശ്രദ്ധേയമായിരുന്നു. പാവപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് പട്ടയം വാങ്ങിക്കൊടുക്കാന്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗം സമയവും മാറ്റിവെച്ചു. പാണിയേലി പോരിന് സമീപത്തെ അക്കേഷ്യ മരങ്ങള്‍ വെട്ടിമാറ്റിക്കുന്നതിലെ നിയമപരമായ നീക്കത്തിലായിരുന്നു അവസാന നാളുകളില്‍. ഒരുപ്രദേശത്തിന്റെ കുടിവെള്ളം മുട്ടിക്കുന്ന പ്രശ്നമായിരുന്ന വിഷയം പരിഹാരത്തിലേക്ക് അടുക്കുന്നതിനിടെയായിരുന്നു വിയോഗം.
സ്വന്തം കൈപ്പടയില്‍ തയാറാക്കിയ അപേക്ഷകള്‍ സര്‍ക്കാര്‍ ഓഫിസുകളുടെ ഫയലുകളില്‍ തോമസ് മാഷിന്റെ അടയാളമായി ഇനിയും അവശേഷിക്കും. ട്യൂട്ടോറിയല്‍ കോളജ് അധ്യാപകനായി പൊതുപ്രവര്‍ത്തന രംഗത്തെത്തി ബിസിനസുകാരനും രാഷ്ട്രീയ നേതാവുമായി. 1978-79ല്‍ പെരുമ്പാവൂരില്‍ ട്യൂട്ടോറിയല്‍ കോളജ് നടത്തുന്നതിനിടെ 'ലയണ്‍' പേരില്‍ മാസിക പുറത്തിറക്കിയിരുന്നു. ഡിഗ്രിക്ക് പഠിക്കുന്നതിനിടെയായിരുന്നു പാരലല്‍ കോളജ് നടത്തിപ്പ്.
ഇതിനിടെ ബിസിനസിലേക്കും സാമൂഹികപ്രവര്‍ത്തന രംഗത്തേക്കും തിരിഞ്ഞു. അടുത്തിടെ പ്രസിദ്ധീകരിച്ച 'ലഹരിക്കെതിരെ' പുസ്തകം രണ്ടുമാസം മുമ്പ് ജസ്റ്റിസ് കെമാല്‍പാഷയാണ് പ്രകാശനം ചെയ്തത്. വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പാവൂര്‍ നിയോജക മണ്ഡലം മുന്‍ പ്രസിഡന്റാണ്. നിലവില്‍ ജില്ല കമ്മിറ്റി അംഗം, ജില്ല ഭൂസമര സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.