മൊയ്തീന്റെ ‘സിഗ്നല്‍’; വല്ലം ജങ്ഷനിലെ കുരുക്കഴിക്കും
text_fieldsപെരുമ്പാവൂര്‍: ‘മൊയ്തീന് റോഡിലിറങ്ങിയാല്‍ തിരക്കൊഴിയും’. ജില്ലയില്‍ ഏറ്റവും തിരക്കുള്ള പെരുമ്പാവൂര്‍-കാലടി റോഡിലെ വല്ലം ജങ്ഷനില്‍ ഗതാഗതം നിയന്ത്രിക്കുന്ന 54കാരന്റെ സേവനത്തെപ്പറ്റിയുള്ള നാട്ടുകാരുടെ വിലയിരുത്തലാണിത്. ഇതുവഴി കടന്നുപോകുന്നവര്‍ക്ക് സുപരിചിതനാണ് വെളള ഷര്‍ട്ടും കാക്കി പാന്റും നീല തൊപ്പിയും അണിഞ്ഞ് ഗതാഗതം നിയന്ത്രിക്കുന്ന മൊയ്തീന്.
സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഹോം ഗാര്‍ഡല്ല മൊയ്തീനെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍, ഹോം ഗാര്‍ഡും ട്രാഫിക് പൊലീസും ഗതാഗതം നിയന്ത്രിക്കുന്നതിനേക്കാൾ വിദഗ്ധമായി പ്രദേശവാസികൂടിയായ ഇദ്ദേഹം കൈകാര്യം ചെയ്യുമെന്ന് ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. ഒന്നര വര്‍ഷമായി റയോണ്‍പുരം കുന്നത്താന്‍ വീട്ടില്‍ മൊയ്തീന്റെ സേവനം വല്ലം ജങ്ഷനിലുണ്ട്.
രാവിലെ എട്ട് മുതല്‍ 11 വരെയും വൈകിട്ട് നാല് മുതല്‍ രാത്രി ഏഴ് വരെയും ഡ്യൂട്ടിയിലുണ്ടാകും. കാലടി പാലത്തിലെ തിരക്കും പൂപ്പാനി പാലം പൊളിച്ചതോടെ എം.സി റോഡിലെ വാഹന വര്‍ധനവും മൂലം ഇപ്പോള്‍ സമയത്തില്‍ കൃത്യതയില്ല. മണ്ഡലകാല തിരക്കില്‍ പലപ്പോഴും രാത്രി 10 വരെ അവശത അവഗണിച്ച് പൊലീസിനെ സഹായിക്കാന്‍ രംഗത്തുണ്ടാകും. ഇദ്ദേഹത്തിന് പ്രതിഫലം നല്‍കുന്നത് ചില കമ്പനി ഉടമകളും ജങ്ഷനിലെ കച്ചവടക്കാരില്‍ ചിലരുമാണ്. ചെറിയ പ്രതിഫലം പലപ്പോഴും കൃത്യമായി ലഭിക്കാറില്ലെന്നും ട്രാഫിക് പൊലീസിന്റെ പിന്തുണ തനിക്കുണ്ടെന്നും മൊയ്തീന് പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് പെരുമ്പാവൂരില്‍ സാമൂഹ്യ സംഘടനകളും പൊലീസും ചേര്‍ന്ന് നടപ്പാക്കിയ ഹാപ്പി ട്രാഫിക് പദ്ധതിയുടെ ഭാഗമായ പരിശീലന പരിപാടിയിയില്‍ നിന്നാണ് മൊയ്തീന് ഗതാഗത നിയന്ത്രണം വശമാക്കിയത്. കാലടി പാലത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ രംഗത്തിറങ്ങിയതോടെയാണ് സജീവമായത്. വല്ലം ജങ്ഷനില്‍ ഇദ്ദേഹത്തിന്റെ സേവനം മികച്ചതാണെന്ന് വ്യാപാരികളും സ്ഥിരം യാത്രക്കാരും സാക്ഷ്യപ്പെടുത്തുന്നു. സ്തുത്യര്‍ഹമായ സേവനം കണക്കിലെടുത്ത് പല സംഘടനകളും ഇതിനോടകം മൊയ്തീനെ ആദരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.