അര്‍ബന്‍ ബാങ്കില്‍ നിക്ഷേപിച്ച പണം ലഭിച്ചില്ല; പരാതിയുമായി അന്തര്‍ സംസ്ഥാനതൊഴിലാളികള്‍
text_fieldsപെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്ന ആരോപണവുമായി അന്തര്‍ സംസ്ഥാന തൊഴിലാളികൾ. ഇവര്‍ നടത്തുന്ന ഹോട്ടലുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, മൊബൈല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ ബാങ്ക് നേരിട്ട് ദിവസ കലക്ഷന്‍ എടുത്ത തുകകളാണ് തിരികെ എടുക്കാന്‍ കഴിയാത്ത അവസ്ഥയിലായത്. 5000 രൂപയുടെ ചെക്ക് വരെ ബാങ്കില്‍ നിന്ന് മടക്കിയതായി ഇവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ഇരുപതോളം പേര് ദിവസ കലക്ഷനില്‍ ബാങ്കില്‍ പണം നിക്ഷേപിച്ചിരുന്നതായി പറയുന്നു. ബലി പെരുന്നാൾ ആഘോഷത്തിന് നാട്ടില്‍ പോകുമ്പോഴാണ് സാധാരണയായി പണം പിന്‍വലിക്കാറുള്ളത്.
ടൗണില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ബഹാറും ഇസ്ലാമിന് 2,27,500, ഇബാസുല് ഹഖിന് 23, 347, ട്രാവല്‍ ഏജന്സിനടത്തുന്ന ബബുല്‍ ഹുസൈന് 86,000, ജിയാറുല്‍ ഇസ്ലാമിന് 38,500, മൈത്രി മൊബൈല്‍സ് ഉടമ ജലീലിന് 12,000 ഉള്‍പ്പെടെ ലഭിക്കാനുണ്ട്. അസം, ബംഗാള്‍, ഒഡിഷ സ്വദേശികളാണ് പണം നിക്ഷേപിച്ചത്. ബാങ്കില്‍ സ്ഥലത്തിന്റെ മൂല്യം ഉയര്‍ത്തിക്കാണിച്ച് മുന്‍ ഭരണസമിതിയിലെ പ്രസിഡന്റ് ഉള്‍പ്പടെ ലോണ്‍ എടുത്ത് തിരിമറി നടത്തിയതായ പരാതി നിലനില്‍ക്കുകയാണ്. പണം നിക്ഷേപിച്ച കുറേ പേര് ചേര്‍ന്ന് സംരക്ഷണ സമിതി രൂപവത്കരിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇതിനിടെ ലോണുകളിലെ ബാധ്യത തീർക്കുന്നതിനുള്ള ഫയൽ സഹകരണ രജിസ്ട്രാറുടെ പക്കൽ സമർപ്പിച്ചിരിക്കുകയാണെന്നും ഇതിന്റെ നടപടിയാകുന്ന മുറക്ക് ബാധ്യത തീർക്കുമെന്നും ബാങ്ക് പ്രസിഡന്റ് പോൾ പാത്തിക്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.