റയോണ്‍സ് വളപ്പില്‍ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ നീക്കം: പ്രതിഷേധമുയരുന്നു
text_fieldsപെരുമ്പാവൂര്‍: ട്രാവന്‍കൂര്‍ റയോണ്‍സ് വളപ്പില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നഗരസഭ നീക്കത്തിൽ പ്രതിഷേധമുയരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കണമെന്ന സര്‍ക്കാര്‍ നിർദേശത്തെ തുടര്‍ന്നാണ് നഗരസഭ പ്ലാന്റ് സ്ഥാപിക്കാന്‍ റയോണ്‍സ് വളപ്പ് ലക്ഷ്യമിടുന്നത്.
ജൂലൈ 26ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം അജണ്ടവെച്ചെങ്കിലും ചര്‍ച്ച ചെയ്യാതെ മാറ്റിവെക്കുകയായിരുന്നു. മാലിന്യസംസ്കരണത്തിനായി ട്രാവന്‍കൂര്‍ റയോണ്സുവക ഭൂമിയും പെരിയാര്‍വാലി ഓഫിസിന് സമീപത്തുള്ള ഭൂമിയും പരിഗണിക്കുന്ന കാര്യമാണ് അജണ്ടയാക്കിയത്. എന്നാല്‍, ജനങ്ങളുടെ പ്രതിഷേധം മുന്നില്‍ക്കണ്ട് അജണ്ട കഴിഞ്ഞ കൗണ്‍സിലില്‍ ഉള്‍പ്പെടുത്താതെ മാറ്റിവെക്കുകയായിരുന്നു.
മുമ്പ് മാസ്റ്റര്‍പ്ലാന്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് റയോണ്‍പുരം വ്യവസായ മേഖലയാക്കാന്‍ പദ്ധതിയിട്ടിരുന്നു. അന്ന് ഉയര്‍ന്ന പ്രതിഷേധം മാലിന്യപ്ലാന്റ് വിഷയത്തിലും ഉയര്‍ന്നിട്ടുണ്ട്. പതിറ്റാണ്ടുകള്‍ കമ്പനിയുടെ തിക്തഫലങ്ങള്‍ അനുഭവിച്ചവരാണ് സൗത്ത് വല്ലം, റയോണ്‍പുരം പ്രദേശവാസികള്‍.
കമ്പനിക്കകത്തുനിന്ന് പുറത്തുവിട്ട രാസമാലിന്യംമൂലം രോഗികളായി നിരവധിയാളുകള്‍ മരണത്തിന് കീഴടങ്ങേണ്ടി വന്നതായി നാട്ടുകാര്‍ പറയുന്നു. രാസവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഭൂമിയുടെ അടിത്തട്ടിലേക്കിറങ്ങി കിണറുകളിലേക്ക് ഉറവയായി എത്തിക്കൊണ്ടിരിക്കുന്നു. വെള്ളത്തില്‍ മാലിന്യം പാടപോലെ കെട്ടിക്കിടക്കുന്നതുകൊണ്ട് കിണറുകള്‍ ഉപയോഗശൂന്യമാണ്.
കമ്പനി അടച്ചുപൂട്ടി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കെടുതികള്‍ അവശേഷിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവിടെ മാലിന്യ പ്ലാന്റ് സ്ഥാപിച്ച് വീണ്ടുമൊരു പരീക്ഷണത്തിന് ബലിയാടാക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. മുന്‍ ഭരണസമിതികളുടെ കാലഘട്ടങ്ങളില്‍ മാലിന്യപ്ലാന്റിന് വാങ്ങിയ സ്ഥലങ്ങള്‍ വെറുതെ കിടക്കുകയാണ്.കാഞ്ഞിക്കാട് എടത്തറമാലിയും പെരിങ്കുളം പുഞ്ചയും പാറപ്പുറം ഗ്രീന്‍ലാൻഡിന് എതിര്‍വശത്തെ ഭൂമിയും ഉപയോഗശൂന്യമായ നിലയിലാണ്.
ജനസാന്ദ്രത ഏറിയ ഭാഗങ്ങളായതുകൊണ്ട് ഇവിടങ്ങളില്‍ ഇനി പ്ലാന്റ് സ്ഥാപിക്കുക പ്രായോഗികമല്ല. എന്നാല്‍, റയോണ്‍സ് പരിസരവും ജനസാന്ദ്രതയില്‍ ഏറെ മുന്നിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തം ഭൂമി ഇല്ലെങ്കിലെ മറ്റ് സ്ഥലങ്ങള്‍ പ്ലാന്റിന് ഉപയോഗിക്കാവു എന്ന ഉത്തരവ് നിലനില്‍ക്കുന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍പോലും നഗരസഭ തയാറാകരുതെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.