നിയന്ത്രണ സംവിധാനങ്ങളില്ല; റോഡപകടങ്ങൾ പെരുകുന്നു
text_fieldsപെരുമ്പാവൂര്‍: നഗരത്തില്‍ റോഡപകടങ്ങൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യമുയരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ട് അപകടങ്ങളില്‍ രണ്ട് പേര് മരിച്ചതോടെ ഭീതിയിലാണ് ജനം. കഴിഞ്ഞ 20ന് സിഗ്നല്‍ ജങ്ഷനിര് റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികയുടെ തലയിലൂടെ ടോറസ് കയറുകയായിരുന്നു.
വ്യാഴാഴ്ച എം.സി റോഡിൽ ഫെഡറല്‍ ബാങ്കിന് മുന്നില്‍ ബൈക്ക് യാത്രക്കാരന് മിനി ലോറി ഇടിച്ചു മരിച്ചു. സിഗ്നല്‍ ജങ്ഷന്, ഔഷധി ജങ്ഷന്, കടുവാള്‍, കാഞ്ഞിരക്കാട്, വല്ലം ജങ്ഷന്, കാരിക്കോട്, വട്ടക്കാട്ടുപടി, മലമുറി, വെങ്ങോല എന്നിവിടങ്ങളെല്ലാം അപകട മേഖലകളാണ്.
മിക്ക അപകടങ്ങളുടെയും കാരണം അമിത വേഗതയും ഓവര്‍ ടേക്കിങും അശ്രദ്ധയുമാണെന്നാണ് കണ്ടെത്തല്‍. വാഹന പെരുപ്പത്തിനനുസരിച്ച് റോഡുകളും സിഗ്നല്‍ സംവിധാനങ്ങളും ഇല്ലാത്തത് അപകടങ്ങള്‍ക്ക് പ്രധാന കാരണമാണ്. വണ്‍വെ തെറ്റിച്ചുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരം അപകടം വിളിച്ചു വരുത്തുന്നു. അപകടങ്ങള്‍ വരുത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മനപൂര്‍വമല്ലാത്ത കുറ്റമെന്ന പേരില്‍ രക്ഷപ്പെടുന്നത് ആവര്‍ത്തിക്കപ്പെടാനുള്ള കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.
മിക്ക അപകടങ്ങളുടെയും സി.സി ടി.വി കാമറകള്‍ പരിശോധിക്കുമ്പോള്‍ വലിയ വാഹനങ്ങളുടെ നിയമലംഘനം വ്യക്തമാണെങ്കിലും ഡ്രൈവര്‍ക്കെതിരെ ചുമത്തുന്ന വകുപ്പ് നിസരമാണ്. ഈ വിഷയത്തില്‍ പുന:പരിശോധന അനിവാര്യമാണെന്ന ആവശ്യമുയരുന്നുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ നിയന്ത്രിക്കാന്‍ പൊതുമരാമത്ത് വിഭാഗവും പൊലീസും ഇടപെടണ്ടതുണ്ട്. ജനപ്രതിനിധികള്‍ കൈമലര്‍ത്തുന്നത് ഉദ്യോഗസ്ഥര്‍ക്ക് തലയൂരാനുള്ള സൗകര്യമായി മാറുകയാണെന്നാണ് ആക്ഷേപം.
എം.സി റോഡിലെ പ്രധാന ജങ്ഷനുകളില്‍ ഫ്ലൈ ഓവര്‍ സ്ഥാപിക്കുന്നതിന് രണ്ടുവര്‍ഷം മുമ്പേ പദ്ധതി തയ്യാറാക്കി നല്‍കിയിരുന്നെങ്കിലും നാമമാത്ര തുകയാണ് ബഡ്ജറ്റില്‍ വകയിരുത്തിയതെന്നും അടിയന്തരമായി ട്രാഫിക് അഡ്വൈസറി കമ്മിറ്റി ചേരുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു.
ആവശ്യമായ ഇടങ്ങളിലെല്ലാം ട്രാഫിക് അടയാളങ്ങളും സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും വെങ്ങോല, വല്ലം ജങ്ഷനുകളിലും നഗരത്തിലെ പ്രധാന ഇടങ്ങളിലും സ്വകാര്യ പങ്കാളിത്തത്തോടെ സിങ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.