ട്രാഫിക് പോയന്റുകളില് പൊലീസില്ല; ഗതാഗതക്കുരുക്കും അപകടവും പതിവ്
text_fieldsപെരുമ്പാവൂർ: പ്രധാന ട്രാഫിക് പോയന്റുകളിൽ നിയന്ത്രണത്തിന് പൊലീസ് ഇല്ലാത്തതിനാൽ ഗതാഗതക്കുരുക്കും അപകടവും പെരുകുന്നു.
എ.എം റോഡിലെ താലൂക്ക് ഹോസ്പിറ്റൽ ജങ്ഷൻ, വെജിറ്റബിൾ മാർക്കറ്റ്, സിഗ്നൽ ജങ്ഷൻ, എം.സി റോഡിലെ സുലോക്ക പള്ളി, പി.പി റോഡ്, ഗാന്ധി സ്ക്വയർ, ഗേൾസ് എച്ച്.എസ്.എസ് ഭാഗം, സീമാസിന് മുൻവശം, കാലടിയിൽനിന്നുള്ള ഭാരവാഹനങ്ങൾ ആലുവ ഭാഗത്തേക്ക് വൺവേ തിരിയുന്ന കിച്ചൻ മാർട്ട് ജങ്ഷൻ, ഔഷധി ജങ്ഷൻ, സിവിൽ സ്റ്റേഷൻ റോഡിലെ ഭജനമഠം ജങ്ഷൻ എന്നിവ പൊലീസിന്റെ ലിസ്റ്റിൽ പ്രധാന ട്രാഫിക് പോയന്റുകളാണ്.
ആകെ 12 പോയന്റാണുള്ളത്. എന്നാൽ, ഇവിടങ്ങളിലൊന്നും ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് പൊലീസില്ല. ഓരോ പോയന്റിലും രണ്ട് പൊലീസുകാർ വീതം വേണം. ദിനംപ്രതി 24 പൊലീസുകാർ ഡ്യൂട്ടിക്കുണ്ടായാലേ നഗരത്തിലെ കുരുക്കഴിയൂ. കൂടാതെ ബൈക്കിൽ ചുറ്റി പെട്ടെന്നുണ്ടാകുന്ന ട്രാഫിക് പ്രശ്നങ്ങൾ തീർക്കാനും അപകടസ്ഥലത്ത് എത്താനും രണ്ടുപേരുണ്ടായിരുന്നു. ഇത് നിലച്ച സ്ഥിതിയിലാണ്.
ട്രാഫിക് സ്റ്റേഷനിൽ എസ്.ഐ ഉൾപ്പെടെ 27 പേരാണുള്ളത്. ഇതിൽ രണ്ടും മൂന്നും പേർ അവധിയിലായിരിക്കും. ഉള്ളവരിൽ പലരെയും സ്റ്റേഷനിലും ഡിവൈ.എസ്.പി ഓഫിസിലും പതിവായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നു. കൂടാതെ രണ്ടുപേരെ വീതം ഹൈവേ ഡ്യൂട്ടി, കൺട്രോൾ റൂം വെഹിക്കിൾ, നൈറ്റ് പട്രോൾ, അറ്റാച്ച് തുടങ്ങിയവക്കും ഒരാളെ വീതം സ്ട്രൈക്കർ, കോടതി ഡ്യൂട്ടി തുടങ്ങിയവക്കും നിയോഗിക്കുന്നു. ചില അവസരങ്ങളിൽ വി.ഐ.പി ഡ്യൂട്ടിയും ഏൽപിക്കുന്നത് പ്രതിസന്ധിയാണ്. ഇത് സ്ഥിരം ട്രാഫിക് ഡ്യൂട്ടി ചെയ്യുന്നവരിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്.
ട്രാഫിക് നിയന്ത്രണത്തിന് കൂടുതൽ പൊലീസുകാരെ നിയോഗിക്കണമെന്ന കീഴുദ്യോഗസ്ഥരുടെ ആവശ്യം മേലധികാരികൾ ചെവിക്കൊള്ളാത്തത് അമർഷത്തിനിടയാക്കുന്നുണ്ട്. ശബരിമല സീസൺ ആരംഭിക്കുന്നതോടെ നഗരത്തിൽ തിരക്ക് വർധിക്കും.
വടക്കൻ ജില്ലകളിലെയും അന്തർസംസ്ഥാനങ്ങളിലെയും തീർഥാടകർ എം.സി റോഡ് വഴി ശബരിമലയിലേക്ക് പോകുന്നത് പെരുമ്പാവൂർ വഴിയാണ്. ഏറ്റവും കൂടുതൽ അപകടം നടക്കുന്ന മാസങ്ങളാണ് മണ്ഡലകാലം. വല്ലം ജങ്ഷൻ മുതൽ ടൗൺ വരെ 24 മണിക്കൂറും തിരക്കായിരിക്കും. വല്ലം ജങ്ഷനിൽ അവിടത്തെ വ്യാപാരികളുടെ ചെലവിലാണ് ട്രാഫിക് വാർഡനെ നിയോഗിച്ചിരിക്കുന്നത്. ആവശ്യത്തിന് പൊലീസിനെ നിയമിച്ച് ഗതാഗത നിയന്ത്രണം കുറ്റമറ്റതാക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.