പെരുമ്പാവൂര്‍-കാലടി റോഡില്‍ സീബ്രാലൈൻ ഇല്ല; കാല്‍നടക്കാര്‍ പ്രതിസന്ധിയിൽ
text_fieldsപെരുമ്പാവൂര്‍: കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തത് പ്രതിസന്ധിയായി മാറുന്നു. എം.സി റോഡിലും എ.എം റോഡിലെയും പ്രധാന ജങ്ഷനുകളിലാണ് കാല്‍നടക്കാര്‍ ബുദ്ധിമുട്ടുന്നത്.
പട്ടണത്തിലെ ഏറ്റവും തിരക്കുള്ള ഔഷധി ജങ്ഷനില്‍ യാത്രക്കാര്‍ ഇരു വശത്തേക്കും കടക്കാന്‍ പ്രയാസപ്പെടുകയാണ്. വടക്കന്‍ മേഖലയില്‍നിന്നുള്ള ദീര്‍ഘദൂര ബസുകളും അങ്കമാലി, കാലടി ഭാഗങ്ങളില്‍നിന്നുളള സ്വകാര്യ ബസുകളും നിര്‍ത്തുന്ന സ്ഥലത്ത് റോഡ് മുറിച്ചുകടക്കാന്‍ ആളുകള്‍ ഏറെ സമയം കാത്തുനില്‍ക്കുകയാണെന്ന് ഇവിടത്തെ വ്യാപാരികള്‍ പറയുന്നു.
നടക്കാന്‍ ബുദ്ധിമുട്ടുള്ളവരും രോഗികളും പലപ്പോഴും കഷ്ടപ്പെടുന്ന സാഹചര്യമാണ്. ഭൂരിപക്ഷം ഡ്രൈവര്‍മാരും കാല്‍നടക്കാര്‍ക്ക് പരിഗണന നല്‍കാറില്ല. പെരുമ്പാവൂര്‍-കാലടി റോഡില്‍ പല ഭാഗത്തും സീബ്രാലൈനുകള്‍ ഇല്ല. ഉണ്ടായിരുന്നത് മാഞ്ഞ് കാണാനാകാത്ത നിലയിലാണ്. കടുവാളില്‍ ക്രിസ്റ്റല്‍ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നിലും കാഞ്ഞിരക്കാട് ജങ്ഷനും പള്ളിപ്പടിക്കും മധ്യത്തിലുള്ള സ്ഥലത്തും മാഞ്ഞ് പോകാത്ത രീതിയില്‍ ഒരുക്കിയിരിക്കുന്ന വരകള്‍ ഒഴികെ മറ്റെല്ലാം അപ്രത്യക്ഷമാണ്.
കടുവാള്‍ ജങ്ഷന്, സെന്റ് ജോര്‍ജ് പള്ളിയുടെ മുന്‍വശം, കാഞ്ഞിരക്കാട് ജങ്ഷന്, പള്ളിപ്പടി, വല്ലം-ചൂണ്ടി മസ്ജിദിന് സമീപം എന്നിവിടങ്ങളിലെല്ലാം വരകള്‍ മാഞ്ഞു. ഏറ്റവും അപകട സാധ്യതയുള്ളതും നിരവധി കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കുന്നതുമായ സ്ഥലങ്ങളാണ് ഇവ.
രാത്രിയും പകലും ഗതാഗതക്കുരുക്കുള്ള വല്ലം ജങ്ഷനില്‍ കാല്‍നടക്കാരുടെ ജീവന് ഒരു വിലയും കല്പിക്കാത്ത രീതിയിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. റോഡിന് അപ്പുറം എത്തണമെങ്കില്‍ ട്രാഫിക് പൊലീസുകാര്‍ കനിയണമെന്ന സ്ഥിതിയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്ന് റോഡുകള്‍ സന്ധിക്കുന്ന ജങ്ഷനും അപകട മേഖലയും എന്ന നിലക്ക് ഇവിടെ കാല്‍നടക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം നിലനില്‍ക്കെ സീബ്രാലൈനുകള്പോലും ഒരുക്കാതെ അധികൃതര്‍ അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
കടുവാളിലെ അന്നപൂര്‍ണ ഹോട്ടലിന് സമീപം ബ്രോഡ് വേ എം.സി റോഡില്‍ ചേരുന്ന ഭാഗത്ത് സീബ്രാലൈന്‍ വേണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. അമൃത സ്കൂളിലേക്കും മറ്റും കുട്ടികളും വാഹനങ്ങളും പോകുന്ന ജങ്ഷനാണിത്. കാല്‍നടക്കാരുടെ സുരക്ഷക്ക് പ്രാധാന്യം നല്കുന്ന ഗതാഗതസംവിധാനം ഒരുക്കണമെന്ന ആവശ്യം വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.