ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതം; വല്ലം ജങ്ഷൻ ഇരുട്ടിൽ
text_fieldsപെരുമ്പാവൂർ: തെരുവുവിളക്കുകൾ തകരാറിലായതോടെ രാത്രി വല്ലം ജങ്ഷൻ കൂരിരുട്ടിൽ. ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ പൂര്‍ണമായും പ്രവർത്തനരഹിതമാണ്. സാങ്കേതിക തകരാർമൂലം ഹൈമാസ്റ്റ് ലൈറ്റുകൾ തകരാറിലായിട്ട് ആഴ്ചകളായെന്ന് വ്യാപാരികൾ പറയുന്നു. ഇരുട്ടിയാൽ ജങ്ഷനിലൂടെ പോകുന്ന വഴിയാത്രക്കാരും വാഹനങ്ങളും ഏറെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. കാലടി പാലം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള സ്ഥലമാണ് എം.സി റോഡിലെ വല്ലം ജങ്ഷൻ. 24 മണിക്കൂറും ദീര്‍ഘദൂര ബസുകളും മറ്റ് വാഹനങ്ങളും കടന്നുപോകുന്നതുകൊണ്ട് രാത്രി വെളിച്ചമില്ലാത്തത് പ്രധാന പ്രശ്നമാണ്. വൈകീട്ട് ആറുമുതൽ രാത്രി ഒമ്പതുവരെ രണ്ട് പൊലീസുകാർ ഏറെ പണിപ്പെട്ടാണ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്. വെളിച്ചമില്ലാത്തത് രാത്രിയിലെ ഗതാഗത നിയന്ത്രണത്തെ സാരമായി ബാധിക്കുന്നുണ്ട്. തെക്കുനിന്നും വടക്കുനിന്നും കോടനാട് ഭാഗത്തുനിന്നും നിരവധി വാഹനങ്ങൾ ഇതിലെ കടന്നുപോകുന്നുണ്ട്. മിക്കപ്പോഴും ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ പതിവാണ്. വെളിച്ചമില്ലാത്തതുമൂലം ഇപ്പോൾ അപകടങ്ങൾ വര്‍ധിച്ച സാഹചര്യമാണ്.
കടകൾ അടച്ചു കഴിഞ്ഞാൽ ഇരുട്ടിൽ അപരിചിത വാഹനങ്ങൾ ജങ്ഷനാണെന്ന് തിരിച്ചറിയാതെ അമിതവേഗത്തിൽ സഞ്ചരിക്കുന്നത് പ്രശ്നമാണ്. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാര്‍ഡ് അംഗം ഉൾപ്പെടെയുള്ളവർ വിഷയം ബന്ധപ്പെട്ട വിഭാഗങ്ങളുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പരിഹരിക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.