വളവ് തിരിഞ്ഞെത്തുന്നത് അപകടത്തിലേക്ക്... ആലുവ -മൂന്നാര്‍ റോഡിൽ പെരുമ്പാവൂർ മേഖലയിലെ വളവുകൾ നിവര്‍ത്തണമെന്ന മുറവിളിക്ക് പരിഹാരമില്ല
text_fieldsപെരുമ്പാവൂര്‍: ആലുവ -മൂന്നാര്‍ റോഡിൽ പെരുമ്പാവൂർ മേഖലയിലെ കൊടുംവളവുകള്‍ ഇപ്പോഴും യാത്രക്കാര്‍ക്ക് ഭീഷണിയായി തുടരുന്നു. മുടിക്കല്‍ സബ് സ്റ്റേഷന് മുന്നിലെയും, മഞ്ഞപ്പെട്ടി നളന്ദ സ്റ്റോപ്പിന് സമീപത്തെയും വളവുകളിലാണ് അപകടം പതിയിരിക്കുന്നത്. ദീര്‍ഘദൂര കെ.എസ്.ആര്.ടി.സി ബസുകള്‍ ഉൾപ്പെടെ കടന്നുപോകുന്നതാണ് ഈ പാത. പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് കീറാമുട്ടിയാണ് നളന്ദ സ്റ്റോപ്പിന് സമീപത്തെ വളവ്. നിരവധി അപകടങ്ങള്‍ ഉണ്ടായ ഇവിടെ അഞ്ചിലേറെ പേർ മരണത്തിന് കീഴടങ്ങി.
മഞ്ഞപ്പെട്ടി മുതല്‍ നളന്ദ സ്റ്റോപ് വരെയുള്ള മൂന്ന് വളവുകളില്‍ ഏറ്റവും അപകടം നിറഞ്ഞ വളവാണിത്. അപകടങ്ങള്‍ നടക്കുമ്പോള്‍ വളവ് നിവര്‍ത്തണമെന്ന മുറവിളി ഉണ്ടാകാറുണ്ടെങ്കിലും പരിഹരിക്കപ്പെടുന്നില്ല. റോഡിന് വീതിയില്ലാത്തതാണ് പ്രധാന പ്രതിസന്ധി. വീതി വര്‍ധിപ്പിക്കാന്‍ ഇരുവശവും സ്ഥലമുണ്ട്. പവര്‍ സ്റ്റേഷന് മുന്നിലെ വളവും അപകടങ്ങള്‍ക്ക് കാരണമാകുന്നു. പാലക്കാട്ടുതാഴത്തുനിന്ന് ബസ് തിരിഞ്ഞ് അധികം ദൂരത്തല്ലാത്ത കയറ്റത്തോടെയുള്ള വളവില്‍ വാഹനങ്ങള്‍ കയറുന്നത് വെല്ലുവിളിയാണ്. ആലുവയില്‍നിന്ന് പെരുമ്പാവൂരിലേക്കുള്ള യാത്രയിലെ വലിയ ഇറക്കമാണ് ഇത്. വാഹനങ്ങള്‍ നിയന്ത്രണം വിട്ടുള്ള അപകടങ്ങള്‍ ഇവിടെ നിത്യസംഭവമാണ്. അപകടങ്ങളില്‍ പെടുന്നതില്‍ ഏറെയും ഇരുചക്ര വാഹന യാത്രികരാണ്. നിര്മാണശേഷം വീതി വര്‍ധിപ്പിക്കാത്ത റോഡുകളിലൊന്നാണിത്.
ആലുവ -പെരുമ്പാവൂര്‍ യാത്രക്ക് എളുപ്പ മാര്‍ഗമായ ഈ റോഡില്‍ ഗതാഗതത്തിരക്ക് മുമ്പത്തേക്കാൾ വർധിച്ചു. മാറമ്പിള്ളി -ശ്രീമൂലനഗരം, തുരുത്ത് പാലങ്ങള്‍ യാഥാർഥ്യമായതോടെ കാറുകള്‍ ഉൾപ്പെടെയുള്ള സ്വകാര്യ യാത്രികരും ഈ റോഡിനെ ആശ്രയിക്കുന്നു. പാര്‍പ്പിട സമുച്ചയങ്ങളും സ്കൂള്‍, കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ ശാലകളും തീര്‍ഥാടന കേന്ദ്രങ്ങളുമുള്ളതുകൊണ്ട് യാത്രക്കാരുടെ ബാഹുല്യമേറി. വെല്ലുവിളിയായ വളവുകള്‍ നിവര്‍ത്താന്‍ വൈകിയാല്‍ വരും കാലങ്ങളില്‍ അപകടങ്ങളേറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പൂര്‍ത്തിയാകാതെ ചെറുവേലിക്കുന്ന് റോഡ്
പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്തിലെ ചെറുവേലിക്കുന്ന് എ.എം റോഡ്, പി.എ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന മുടിക്കല്‍ പെരിയാര്‍-ചെറുവേലിക്കുന്ന് റോഡിെൻറ ദുരവസ്ഥ പരിഹരിക്കപ്പെടാത്തത് അനാസ്ഥയെന്ന് ആക്ഷേപം. റോഡ് ഉന്നത നിലവാരത്തോടെ പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞ തദ്ദേശഭരണ സമിതിയുടെ കാലത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ ജബ്ബാറും നിഷ അലിയാരും രംഗത്തുവന്നിരുന്നു.
ഗ്രാമപഞ്ചായത്ത് ഫണ്ടിെൻറ അപര്യാപ്തത മൂലം ആദ്യ ശ്രമം നടക്കാതെവന്നു. പിന്നീട് ഇവര്‍ അന്നത്തെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന അബ്ദുൽ മുത്തലിബിനെ സമീപിച്ച് റോഡ് പുനര്‍ നിര്‍മാണത്തിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം അനുവദിക്കുകയായിരുന്നു. ഇതോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷവും ചേര്‍ത്ത് കട്ടവിരിച്ച് പുനര്‍നിര്‍മിക്കാന്‍ പദ്ധതി ആവിഷ്കരിച്ചെങ്കിലും നിര്‍മാണം തുടങ്ങിയപ്പോള്‍ എസ്റ്റിമേറ്റില്‍ അപാകത കണ്ടെത്തി. ഇക്കാരണത്താല്‍ അനുവദനീയമായതിെൻറ 85 ശതമാനം പ്രവൃത്തികളാണ് പൂര്‍ത്തിയാക്കാനായത്. അവശേഷിക്കുന്ന 15 ശതമാനം ജില്ല പഞ്ചായത്തിെൻറ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കാനായിരുന്നു ധാരണ. എന്നാല്‍, ഈ വര്‍ഷം വകയിരുത്താന്‍ റോഡിെൻറ പൂർത്തീകരണത്തിന് തടസ്സമായതെന്ന് ജനതാദള്‍-എസ് ജില്ല ജനറല്‍ സെക്രട്ടറി ജബ്ബാര്‍ തച്ചയില്‍ ആരോപിച്ചു.
എന്നാല്‍, വാഴക്കുളം ഗ്രാമപഞ്ചായത്തിലെ മുടിക്കല്‍ ചെറുവേലിക്കുന്ന് റോഡ് 20 വര്‍ഷമായി അറ്റകുറ്റപ്പണി ചെയ്യാതെ പൊട്ടിപ്പൊളിഞ്ഞ് കിടന്നിട്ടും ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിച്ചില്ലെന്ന ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ജില്ല പഞ്ചായത്ത് അംഗം സനിത റഹീം പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ വണ്‍ടൈം സെറ്റില്‍മെൻറില്‍ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പും ജില്ല, ഗ്രാമപഞ്ചായത്തുകളും ഫണ്ട് അനുവദിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയതാണെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.