പെരുമ്പാവൂര്‍ ടൗണില്‍ സമാന്തര പൊലീസിന്റെ അഴിഞ്ഞാട്ടം; അന്തര്‍ സംസ്ഥാനക്കാര്‍ ആക്രമിക്കപ്പെടുന്നു
text_fieldsപെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പട്ടണം സമാന്തര പൊലീസ് കൈയടക്കിയതായി ആക്ഷേപം. ഇക്കൂട്ടര്‍ അന്തര്‍ സംസ്ഥാനക്കാരെ ആക്രമിക്കുന്നതായ പരാതി വ്യാപകമാണ്. പൊലീസിന്റെ ലാത്തിക്ക് സമാനമായ വടികൊണ്ട് അന്തര്‍ സംസ്ഥാനക്കാരെ അടിക്കുന്നതായും പരാതിയുണ്ട്. വെള്ളിയാഴ്ച പി.പി റോഡില്‍ ഇവരില്‍നിന്ന് മര്‍ദനമേറ്റ ഒരാള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. മര്‍ദിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ലക്കി തിയറ്റിറിന് മുന്നിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ ചായ കുടിക്കാനെത്തിയ ആള്ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ ആക്രമിക്കുന്നത് കണ്ടതായി ഓട്ടോ ഡ്രൈവര്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. നാലുമാസം മുമ്പ് ട്രാന്‍സ്ജന്‍ഡറെ മര്‍ദിച്ച സംഭവത്തിലും കേസെടുത്തിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് അന്തര്‍ സംസ്ഥാന സ്ത്രീയെ റോഡിലിട്ട് മര്‍ദിച്ചതായി വ്യാപാരികള്‍ പറയുന്നു. അന്തര്‍ സംസ്ഥാനക്കാര്‍ കുഴപ്പക്കാരെന്ന് മുദ്രകുത്തി ആക്രമിക്കുകയാണെന്നാണ് ആക്ഷേപം. പലപ്പോളും ആക്രമണത്തിന് ഇരയാകുന്നത് നിരപരാധികളാണ്. വഴിയോര കച്ചവടക്കാരായ അന്തര്‍ സംസ്ഥാനക്കാരും അപരിചിതരും മര്ദനത്തിരയാകുന്നുണ്ട്. ഒരു ഇടതുപക്ഷ ഓട്ടോ തൊഴിലാളി യൂനിയന്‍ നേതാവാണ് സമാന്തര പൊലീസ് സംഘത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് വിവരം. കുഴപ്പക്കാരെ പൊലീസിനെ ഏൽപിക്കാതെ കൈകാര്യം ചെയ്യുകയാണ് ഇവരുടെ രീതി.
പി.പി റോഡ്, പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളില്‍ തങ്ങുന്നവരാണ് ആക്രമിക്കപ്പെടുന്നത്. പല സംഭവങ്ങളിലും പരാതിയില്ലാതെ പോകുകയാണെന്നും പലരുടെയും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു. സംഘത്തിന്റെ അഴിഞ്ഞാട്ടത്തെക്കുറിച്ച് വ്യാപാരികള്‍ പൊലീസിനെ അറിക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമുണ്ടാകുന്നില്ലെന്നാണ് ആരോപണം. പിടിക്കപ്പെടുമ്പോള്‍ പൊലീസ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി സ്റ്റേഷന് ജാമ്യത്തില്‍ വിടുന്നതില്‍ വ്യാപാരികള്‍ക്കിടയില്‍ അമര്‍ഷമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.