പെരുമ്പാവൂർ ബൈപാസ്: ടെണ്ടര്‍ നടപടി തുടങ്ങി
text_fieldsപെരുമ്പാവൂർ: ടൗൺ ബൈപാസ് ഒന്നാംഘട്ട പദ്ധതിയുടെ ടെന്‍ഡർ നടപടികൾ തുടങ്ങി. സെപ്റ്റംബർ അഞ്ച് മുതൽ ഒക്ടോബർ അഞ്ചു വരെ ടെൻഡർ സമര്‍പ്പിക്കാം. ഏഴിന് തുറക്കും.
ടെന്‍ഡറിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ തുക സാങ്കേതികസമിതി അംഗീകരിക്കുന്നതോടെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാൻ സാധിക്കും.
ഭൂമി ഏറ്റെടുക്കുന്നതിന് ഉള്‍പ്പെടെ രണ്ട് ഘട്ടങ്ങളിലായി 301 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. നികുതികൾ ഉള്‍പ്പെടെ 22.76 കോടിയാണ് റോഡ് നിര്‍മാണത്തിന് അനുവദിച്ചിരിക്കുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നത്. ഒന്നരവര്‍ഷംകൊണ്ട് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ് വ്യവസ്ഥ.
ആലുവ-മൂന്നാര്‍ റോഡിലെ മരുതുകവല മുതല്‍ പഴയ മൂവാറ്റുപുഴ റോഡ് വരെയാണ് പദ്ധതിയുടെ ഒന്നാം ഘട്ടം. നാല് കിലോമീറ്റര്‍ വരുന്ന റോഡ് രണ്ട് ഘട്ടങ്ങളായാണ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. നിലവില്‍ പച്ചക്കറി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട സ്ഥലത്ത് എലിവേറ്റഡ് ഹൈവേ വേണമെന്ന് സര്‍ക്കാര്‍ ഉത്തരവുള്ളതിനാൽ അതുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കാനാണ് രണ്ട് ഘട്ടങ്ങളാക്കി മാറ്റിയിട്ടുള്ളത്. നാല് കിലോമീറ്റര്‍ വരുന്ന റോഡിന്റെ ആദ്യഘട്ടം ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് നിര്‍മിക്കുന്നത്.
2016ലാണ് ബൈപാസ് പദ്ധതിക്ക് അനുമതി ലഭിച്ചത്. പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 20 കോടി രൂപയാണ് അന്ന് ബജറ്റിൽ അനുവദിച്ചത്.
തുടര്‍ന്ന് നിരവധി കടമ്പകള്‍ പൂര്‍ത്തീകരിച്ചാണ് പദ്ധതി ടെന്‍ഡര്‍ നടപടികളില്‍ എത്തിയത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് വേണ്ടി 60 പേരുടെ ഭൂമി ഏറ്റെടുക്കുകയും 15 കോടി നഷ്ടപരിഹാരമായി വിതരണം ചെയ്യുകയും ചെയ്തു. പാലക്കാട്ടുതാഴം വരെയുള്ള രണ്ടാംഘട്ടത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികളും ഇക്കാലയളവിൽ തന്നെ പൂര്‍ത്തീകരിക്കും. ഇതോടൊപ്പം പാലക്കാട്ടുതാഴം മുതല്‍ ആരംഭിക്കുന്ന മിനി ബൈപാസ് പദ്ധതിയും ഭാവിയില്‍ യാഥാര്‍ഥ്യമാകുമെന്ന് എല്‍ദോസ് കുന്നപ്പള്ളി എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.