പെരുത്തുണ്ട്, പെരുമ്പാവൂരിലെ പ്രശ്നങ്ങൾ
text_fieldsപെരുമ്പാവൂര്‍: നിയോജക മണ്ഡലത്തിലെ പ്രധാന സര്‍ക്കാര്‍ ആതുരാലയമായ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പറയാൻ പരാതികളേറെയാണ്.
സേവനത്തിലെ വീഴ്ച, ഡോക്ടർമാരുടെ കുറവ്, മരുന്ന് ക്ഷാമം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. പീഡിയാട്രീഷ്യന്‍, ഗൈനക്കോളജി സേവനങ്ങളില്ലാത്തത് പ്രതിസന്ധിയാണ്. ആറ് പഞ്ചായത്തിലെയും ആശുപത്രി സ്ഥിതി ചെയ്യുന്ന പെരുമ്പാവൂര്‍ നഗരസഭയിലെയും നിര്‍ധന രോഗികളുടെ ആശ്രയമാണ് ആതുരാലയം. സമീപ സ്ഥലങ്ങളില്‍ തൊഴിലെടുക്കുന്ന അന്തര്‍ സംസ്ഥാനക്കാരുടെ തിരക്ക് ഓരോ ദിവസവും വര്‍ധിക്കുകയാണ്. പല പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുണ്ടെങ്കിലും വിദഗ്ധ ചികിത്സക്ക് താലൂക്ക് ശുപത്രിയാണ് ആശ്രയം. ലാബ്, തിയറ്റര്‍, ഡയാലിസിസ് സെന്റര്‍ ഉള്‍പ്പടെ സൗകര്യങ്ങൾ മികച്ചതാണെങ്കിലും പ്രവർത്തനം കുറ്റമറ്റതല്ല. ആശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാൻ മൂന്ന് കോടി മുതല്‍ മുടക്കിൽ രണ്ട് വർഷം മുമ്പ് ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ഇഴയുകയാണ്. എന്നാൽ, ഈ നിർമാണങ്ങളൊന്നും നിലവിലെ അസൗകര്യങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചല്ല നിര്‍മാണം എന്നും ആരോപണമുണ്ട്. നവീകരിച്ച കെട്ടിടത്തിലാകും അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുക. പ്രധാന റോഡില്‍നിന്ന് ഒന്നിലധികം വലിയ വാഹനങ്ങള്‍ പ്രവേശിക്കാന്‍ ഇടമില്ലാത്തത് അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകള്‍ പലതും പ്രത്യേകിച്ച്, വില കൂടിയവക്ക് സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കണം. മരുന്ന് സൂക്ഷിക്കുന്ന മുറിയുടെ അവസ്ഥ പരിതാപകരമാണ്. ശീതീകരണ സംവിധാനത്തില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ പോലും ചൂടും പൊടിയുമുള്ള അന്തരീക്ഷത്തിലാണ്. ഉച്ചകഴിഞ്ഞാൽ രോഗികൾ ആശുപത്രിക്ക് സമീപത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരെ ആശ്രയിക്കുകയാണ്. ലാബ് പ്രവര്‍ത്തന സമയം പരിമിതപ്പെടുത്തിയതും സ്വകാര്യ ലാബുകളെ സഹായിക്കാനാണെന്ന് ആക്ഷേപമുണ്ട്. ഓഎറേഷന് തിയറ്റര്‍, മോര്‍ച്ചറി എന്നിവ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍ ശോചനീയവസ്ഥയിലാണ്.
പ്രശ്നങ്ങൾ പരിഹരിച്ചുവരുന്നു - (പി.എസ്. അഭിലാഷ്, മുനിസിപ്പല്‍ കൗണ്‍സിലര്‍)
താലൂക്കാശുപത്രി ശോചനീയാവസ്ഥയിലാണെന്ന ആക്ഷേപം ശരിയല്ല. പരിമിതികള്‍ ഉണ്ടെന്നത് സത്യമാണ്. സംസ്ഥാന സര്‍ക്കാര്‍ രണ്ടുഘട്ടങ്ങളിലായി അനുവദിച്ച മൂന്ന് കോടി ഉപയോഗിച്ച് നിര്‍മിച്ച പുതിയ ഒ.പി കെട്ടിടത്തിൽ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും കൂടുതല്‍ സൗകര്യം ഒരുക്കാന്‍ കഴിഞ്ഞു. നിലവില്‍ ഒരു മരുന്നിനും ക്ഷാമമില്ല. കേടായത് എക്സ്റേ യൂനിറ്റ് മാറ്റി 11 ലക്ഷം മുടക്കി പുതിയത് സ്ഥാപിച്ചു. ഉപയോഗശുന്യമായ ഫ്രീസര്‍ മാറ്റി ആറര ലക്ഷം ചെലവിൽ പുതിയത് വാങ്ങി. മാമോഗ്രാം യൂനിറ്റ് പ്രവര്‍ത്തന സജ്ജമാണ്. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാൻ ശ്രമം തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.