പെരുമ്പാവൂര്‍-കൂവപ്പടി റോഡ്; നിര്‍മാണം പുനരാരംഭിക്കാന്‍ തീരുമാനം
text_fieldsപെരുമ്പാവൂര്‍: പെരുമ്പാവൂര്‍-കൂവപ്പടി വാച്ചാല്പാടം റോഡ് നിര്‍മാണം പുനരാരംഭിക്കാന്‍ ധാരണ. പണി മുടങ്ങിയതിനാൽ പെരുമ്പാവൂരില്‍നിന്ന് കൂവപ്പടി, കോടനാട് ഭാഗങ്ങളിലേക്കുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. വിവിധ വകുപ്പുകള്‍ക്കിടയിൽ നിലനിന്നിരുന്ന തര്‍ക്കമാണ് നിര്‍മാണം കഴിഞ്ഞ മൂന്നുമാസമായി തടസ്സപ്പെടാനിടയാക്കിയത്. പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചാലേ നിര്‍മാണം പുനരാരംഭിക്കൂവെന്ന കരാറുകാരന്റെ നിലപാടും പണി മുടങ്ങാന്‍ കാരണമായി.
എം.എല്‍.എയുടെ ഇടപെടലിനെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയര്‍ കഴിഞ്ഞയാഴ്ച പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു.
തുടർന്ന് എസ്റ്റിമേറ്റ് പുതുക്കി ഉത്തരവിറങ്ങി. ഉയരം കൂടിയ പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. മൂന്നാഴ്ചക്കകം റോഡിന്റെ വശങ്ങളിലേക്ക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കും. മണ്ണ് നിരത്തുന്ന ജോലി രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കും. പഴയത് നീക്കംചെയ്ത് പുതിയ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കും.
റോഡ് പുറമ്പോക്കിലുള്ള എല്ലാത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങളും എത്രയുംവേഗം പൊതുജനങ്ങള്‍ സ്വമേധയാ പൊളിച്ചുനീക്കി മാതൃക കാണിക്കണമെന്ന് വാച്ചാല്പാടം പ്രദേശത്ത് ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരനും പ്രദേശവാസികളും പങ്കെടുത്ത യോഗത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ആവശ്യപ്പെട്ടു.
പുറമ്പോക്കിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിയായവര്‍ക്ക് നോട്ടീസ് നല്കി പൊളിച്ചുനീക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. പുറമ്പോക്ക് കൈയേറിയതിന് കേസെടുക്കാന്‍ റവന്യൂ അധികൃതരെ യോഗം ചുമതലപ്പെടുത്തി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പെരുമ്പാവൂര്‍-കൂവപ്പടി റോഡിന് അഞ്ചുകോടി രൂപയാണ് വകയിരുത്തിയത്. ബി.എം.ബി.സി നിലവാരത്തിലാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടന്, നഗരസഭ ചെയര്മാന് ബിജു ജോണ്‍ ജേക്കബ്, കൂവപ്പടി പഞ്ചായത്ത് പ്രസിഡൻറ് സിന്ധു അരവിന്ദ്, വൈസ് പ്രസിഡൻറ് എം.ഒ. ജോസ്, നഗരസഭ കൗണ്‍സിലര്‍മാരായ സി.കെ. രാമകൃഷ്ണന്, കെ.സി. അരുണ്‍കുമാര്‍, പഞ്ചായത്ത് മെംബര്‍മാരായ ബേബി തോപ്പിലാന്‍, എം.വി. സാജു, ഹരിഹരന് പടിക്കല്‍, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സാബു ആൻറണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.