ഉദ്ഘാടനം കഴിഞ്ഞിട്ടും തുറക്കാതെ
text_fieldsപെരുമ്പാവൂര്‍: താലൂക്ക് ആശുപത്രിയുടെ ഒ.പി ബ്ലോക്ക് തുറന്നുകൊടുക്കാത്തതുകൊണ്ട് രോഗികള്‍ ദുരിതത്തില്‍. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും തുറന്നു കൊടുക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാണ് ആക്ഷേപം. ഒരു കോടിയോളം ചെലവഴിച്ച് നിര്‍മിച്ച കെട്ടിടമുണ്ടായിട്ടും രോഗികള്‍ വെയിലും മഴയും കൊള്ളേണ്ട അവസ്ഥയാണ്.
ഡോക്ടര്‍മാര്‍ പരിശോധന നടത്തുന്നതൊഴികെ ചീട്ടും മരുന്നും കൊടുക്കുന്നതും ബില്‍ അടക്കുന്നതുമായ പ്രധാന കാര്യങ്ങളെല്ലാം പഴയ കെട്ടിടത്തിലാണ്. മനോഹരമായ കവാടം ഒരുക്കിയിട്ടുണ്ടെങ്കിലും കെട്ടിടത്തിന്റെ മുന്‍വശം തുറന്നുകൊടുത്തിട്ടില്ല.
പഴയ വാര്‍ഡിന് സമീപത്താണ് അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നത്. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സമയത്ത് ഇവിടെ എത്തുന്നവര്‍ക്ക് യാതൊരു സുരക്ഷയുമില്ല. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ ഇരിക്കുന്നയിടവും നഴ്സ് റൂമും പരാധീനതകള്‍ക്ക് നടുവിലാണ്. പോസ്റ്റുമോര്‍ട്ടം ബ്ലോക്കിന് സമീപത്ത് ആളുകള്‍ക്ക് നില്ക്കാന് ഒരു സൗകര്യവുമില്ല. മരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്നത് സുരക്ഷിതമല്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്.
പഴയ കെട്ടിടങ്ങള്‍ പുനര്നിര്മിക്കേണ്ട സമയം പിന്നിട്ടിട്ടും തുടങ്ങിവെച്ചത് പൂര്‍ത്തിയാക്കാത്തത് കെടുകാര്യസ്ഥതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫണ്ടിന്റെ അപര്യാപത മൂലം പണികള്‍ നിലച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിലെ തുക ലഭിച്ചിട്ടില്ലെന്ന് കരാറുകാരന് പറയുന്നു. പലപ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും രോഗികളെ വലക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.