റോഡരികിൽ കൂട്ടിയിട്ട പൈപ്പുകള്‍ യാത്രക്കാര്‍ക്ക് ഭീഷണി
text_fieldsപെരുമ്പാവൂർ: റോഡരികിൽ കൂട്ടിയിരിക്കുന്ന പൈപ്പുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. എ.എം റോഡിലെ പാലക്കാട്ടുതാഴം മുതൽ പോഞ്ഞാശ്ശേരി വരെ റോഡരികിലാണ് വലിയ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. ഇതുമൂലം കാൽനടക്കാർക്ക് മാസങ്ങളായി സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്.
ഒരു പൈപ്പിന് മാത്രം ആയിരത്തിനടുത്ത് കിലോ തൂക്കമുണ്ട്. ഇത് മറിഞ്ഞാൽ വൻ അപകടത്തിന് കാരണമാകും. ഇരുചക്ര വാഹനങ്ങൾ രാത്രിയിൽ ഇതിൽതട്ടി അപകടത്തിൽപെടുന്നുണ്ട്. മാവിൻചുവട്, പള്ളിക്കവല, നെടുന്തോട്, തണ്ടേക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടപ്പാതയും പൈപ്പുകൾ കൈയടക്കിയ അവസ്ഥയാണ്.
കാൽനട തടസ്സപ്പെടുത്തുന്ന സമീപനമാണ് അധികൃതർ സ്വീകരിച്ചിക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. വെങ്ങോല പഞ്ചായത്തിലേക്ക് ശുദ്ധജലം എത്തിക്കാനുള്ള പൈപ്പുകളാണിവ.
പ്രദേശങ്ങളിലേക്ക് യുദ്ധകാലാടിസ്ഥാനത്തിൽ കുടിവെള്ളം എത്തിക്കാനാണ് കരാറുകാരൻ പൈപ്പുകൾ ഇറക്കിയത്. എന്നാൽ, റോഡ് കുഴിക്കാൻ പൊതുമരാമത്ത് വിഭാഗം അനുമതി നല്‍കാത്തത് തടസ്സമായി. റോഡ് വെട്ടിപ്പൊളിക്കുന്ന കാര്യത്തില്‍ പി.ഡബ്ല്യു.ഡിയും ജലവിഭവ വകുപ്പും തമ്മിലുള്ള ഭിന്നത നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.