മയക്കുമരുന്നിനെതിരെ നടപടി ഊർജിതമാക്കി പൊലീസ്
text_fieldsപെരുമ്പാവൂര്‍: മയക്കുമരുന്നിനും അനാശാസ്യ പ്രവൃത്തികള്‍ക്കുമെതിരെ നടപടികൾ ഊർജിതമാക്കി പൊലീസ്. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ബിവറേജ് ഔട്ടലെറ്റ് പരിസരം, പി.പി റോഡ്, കെ.എസ്.ആര്.ടി.സി സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളില്‍ പൊലീസിന്റെ പരിശോധന വ്യാപകമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 93 കുപ്പി ഹെറോയിന്‍, മുന്നൂറിലേറെ ഗ്രാം എം.ഡി.എം.എ, 17 കിലോ കഞ്ചാവ്, 15 ഗ്രാമോളം ഹെറോയിന്‍, ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ പിടികൂടിയിരുന്നു. ഭൂരിപക്ഷം കേസുകളിലും അന്തര്‍ സംസ്ഥാനക്കാരാണ് പ്രതികള്‍.
വ്യാഴാഴ്ച കെ.എസ്.ആര്.ടി.സി സ്റ്റാന്റിന് സമീപത്തുളള ലോഡ്ജില്‍ അനാശാസ്യം നടത്തിയ കേസില്‍ ലോഡ്ജ് മാനേജർ ഉൾപ്പടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനാശാസ്യ കേസില്‍ അടുത്തകാലത്തുണ്ടായ അറസ്റ്റായിരുന്നു ഇത്. എന്നാല്‍, ലോഡ്ജിന്റെ പേര് പുറത്തുവിടാതിരുന്നതും ഉടമയെ കേസില്‍ പ്രതി ചേര്‍ക്കാതിരുന്നതും പൊലീസിനെതിരെ വിമര്‍ശത്തിന് കാരണമായിട്ടുണ്ട്. മയക്കുമരുന്നും പുകയില ഉൽപന്നങ്ങളും കച്ചവടം ചെയ്യുന്ന ലോബികള്‍ അന്തര്‍ധാരയിലാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ചില രാഷ്ട്രീയ നേതാക്കളും കച്ചവടക്കാരും ഒത്താശ ചെയ്യുന്നുവെന്ന ആരോപണം നിലനിൽക്കുന്നു. ബിവറേജ് പരിസരത്തെ പരസ്യമായ മദ്യപാന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത് നിയമപാലകര്‍ക്ക് നേരെയുള്ള പരിഹാസമായി മാറി. കണ്ടന്തറ ഭായി കോളനി പേലെയുള്ള സ്ഥലങ്ങളില്‍ നടക്കുന്ന മയക്കുമരുന്ന് വില്‍പ്പനയും അനാശാസ്യ പ്രവൃത്തികളും അവസാനിപ്പിക്കുക പൊലീസിന് അത്ര എളുപ്പമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.