അറ്റകുറ്റപ്പണിയിൽ അപാകത: ഔഷധി ജങ്ഷനില്‍ അപകടങ്ങള്‍ പതിവ്; കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍
text_fieldsപെരുമ്പാവൂര്‍: നഗരത്തില്‍ ഔഷധി ജങ്ഷനിലെ അറ്റകുറ്റപ്പണിയിലുണ്ടായ അപാകത മൂലം അപകടങ്ങള്‍ പതിവാകുന്നു. എന്നാൽ ദിനംപ്രതിയുള്ള വാഹനാപകടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. അടുത്തിടെ ടാറിങ് നടത്തിയ റോഡില്‍ വിള്ളലും മിനുസവും രൂപപ്പെട്ടിട്ട് മാസങ്ങളായി.
പരാതി ഉയരുമ്പോള്‍ താല്‍ക്കാലികമായി പരിഹരിക്കുകയാണ് പതിവ്. ശക്തമായി മഴ പെയ്താല്‍ ടാര്‍ ഒലിച്ചുപോകുന്ന തരത്തിലാണ് പണി നടത്തുന്നതെന്നാണ് ആക്ഷേപം. രാത്രിയിലും പുലര്‍ച്ചയുമായി ഇതിനോടകം നിരവധി തവണ അറ്റകുറ്റപ്പണി നടത്തി. അപകടാവസ്ഥ വേഗതയിൽ സഞ്ചരിക്കുന്നവരുടെ ശ്രദ്ധയില്‍ പതിയില്ല. അടുത്തെത്തുമ്പോള്‍ പെട്ടെന്ന് ബ്രേക്കിടുന്നതോടെ നിയന്ത്രണം തെറ്റുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. കൂടുതല്‍ അപകടങ്ങളും രാത്രിയിലാണ്.
വെളളിയാഴ്ച രാവിലെ നിയന്ത്രണംവിട്ട കാര്‍ ബുള്ളറ്റിലും സ്കൂട്ടറിലും ഇടിച്ചു. സ്കൂട്ടര്‍ യാത്രക്കാരിയുടെ കാലിന് സാരമായ പരിക്കുണ്ട്. രാത്രികാലങ്ങളില്‍ നടക്കുന്ന അപകടങ്ങള്‍ പുറംലോകം അറിയാറില്ല. ഈ ഭാഗത്ത് വെളിച്ചമില്ലാത്തതുകൊണ്ട് രാത്രിയില്‍ കുഴിയും മറ്റും ശ്രദ്ധയില്‍പെടില്ല.
പ്രധാന റോഡായതിനാല്‍ അടുത്തിടെയാണ് ഈ ഭാഗം ഉള്‍പ്പടെ ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്തത്. കാലാവധി പൂര്‍ത്തിയാകും മുമ്പ് തകര്‍ന്നത് പണിയിലെ അപകാത മൂലമാണെന്ന് തുടക്കം മുതല്‍ ആരോപണമുയര്‍ന്നിരുന്നു. റോഡിന്റെ പല ഭാഗത്തും കുഴി രൂപപ്പെട്ടതോടെ കരാറുകാരന്റെയും മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരുടെയും പേര് വിവരങ്ങളും കാലാവധിയും പ്രദര്‍ശിപ്പിച്ച ബോര്‍ഡ് എടുത്തുമാറ്റിയതായി പറയുന്നു.
ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ കരാറുകാരന്റെ തന്നിഷ്ടത്തിലാണ് പണികള്‍ നടന്നതെന്ന പരാതി വ്യാപകമാണ്. നവകേരള സദസ്സിന് മുന്നോടിയായി പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്ന കൂട്ടത്തില്‍ ഔഷധി ജങ്ഷനിലേതും പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നഗരവാസികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.