ഗതാഗതംമുടക്കി റോഡിലെ ‘കുളം’
text_fieldsപെരുമ്പാവൂര്‍: പ്രധാന റോഡിലെ കുഴി അപകടത്തിനും നഗരത്തിലെ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. കാലടി ഭാഗത്തുനിന്നുള്ള ഭാരവാഹനങ്ങള്‍ ഔഷധി ജങ്ഷനുമുമ്പ് വണ്‍വേ തിരിഞ്ഞുപോകുന്ന ജി.കെ. പിള്ള റോഡ് അവസാനിക്കുന്ന കുഴുപ്പിള്ളിക്കാവിനുമുന്നിലെ സിവില്‍ സപ്ലൈസ് മാര്‍ക്കറ്റിന് സമീപത്താണ് വലിയ ഗര്‍ത്തം രൂപപ്പെട്ട് വെള്ളം നിറഞ്ഞ് ‘കുളമായി’ക്കിടക്കുന്നത്.
ജി.കെ. പിള്ള റോഡ് മാസങ്ങള്‍ക്കുമുമ്പാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇപ്പോള്‍ തകര്‍ന്ന ഭാഗവും അന്ന് നന്നാക്കിയിരുന്നു. ടാറും ടൈലുകളും ഇളകി മഴവെള്ളം കെട്ടിക്കിടന്ന് വാഹനങ്ങള്‍ക്ക് കടന്നുപോകാനാകാത്ത സ്ഥിതിയാണ്. ബസ് ഒഴികെയുള്ള ഭാരവാഹനങ്ങള്‍ എ.എം റോഡിലേക്ക് തിരിച്ചുവിടുന്ന റോഡാണിത്. പലപ്പോഴും ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടമുണ്ടാകുന്നുണ്ട്.
ഓട്ടോറിക്ഷ, കാര്‍ ഉൾപ്പെടെയുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബുദ്ധിമുട്ടാണ്. ഈ ഭാഗത്ത് വാഹനങ്ങള്‍ നിരയായിക്കിടക്കുന്നത് എ.എം റോഡില്‍ പോലും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഭാരവാഹനങ്ങള്‍ കടന്നുപോകുന്നത് കണക്കിലെടുത്തുള്ള നിര്മാണമല്ലാത്തതുകൊണ്ടാണ് കുഴി രൂപപ്പെട്ടതെന്നും അമിതഭാരം താങ്ങാന്‍ ഉറപ്പില്ലാത്ത കട്ടകളാണ് നിരത്തിയിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
കട്ട വിരിക്കുംമുമ്പ് പ്രതലം ബലപ്പെടുത്താത്തതും തകര്‍ച്ചക്ക് കാരണമാണ്. പ്രതലം ഉറപ്പിച്ചശേഷം കൂടുതല്‍ ബലമുള്ള കട്ടകള്‍ നിരത്തിയാല്‍ റോഡ് തകരില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഇല്ലാത്തതാണ് അപാകതക്ക് കാരണമെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.