യുവതിക്കുനേരെയുള്ള ആക്രമണത്തില്‍ വിറങ്ങലിച്ച് രായമംഗലം
text_fieldsപെരുമ്പാവൂര്‍: യുവതിക്കുനേരെയുള്ള ആക്രമണത്തില്‍ വിറങ്ങലിച്ച് രായമംഗലം. രായമംഗലം കനാല്‍ കവലക്കുസമീപം മുരിങ്ങാമ്പിള്ളി കാണിയാടന്‍ വീട്ടില്‍ ബിനു ജേക്കബിന്റെയും മഞ്ജുവിന്റെയും മകള്‍ അല്ക്കക്കും മാതൃപിതാവ് ഔസേഫിനും ഭാര്യ ചിന്നമ്മക്കും വെട്ടേറ്റ വാര്‍ത്ത പെട്ടെന്നാണ് നാട്ടില്‍ പരന്നത്. ഇതോടെ ജനം അക്രമിയെ തിരഞ്ഞ് പരക്കം പാഞ്ഞു. ചിലര്‍ പൊലീസിനെ വിവരം അറിയിച്ചെങ്കിലും ആരാണ് വെട്ടിയതെന്ന് പോലും നിശ്ചയമുണ്ടായില്ല. ഇതിനിടെ, പൊലീസിന്റെ അന്വേഷണത്തിലാണ് അക്രമകാരി ബേസിലാണെന്ന് തെളിഞ്ഞത്.
പൊലീസ് യുവാവിനെ പിടികൂടാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ഇരിങ്ങോള്‍ മനക്കപ്പടി മുക്കണഞ്ചേരി വീട്ടില്‍ ബേസിലിനെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രേമാഭ്യര്‍ഥന നിരസിച്ചതാണ് ക്രൂരതക്ക് ബേസിലിനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. അല്ക്കയെക്കുറിച്ച് അയല്‍വാസികള്‍ക്ക് നല്ലത് മാത്രമാണ് പറയാനുള്ളത്. കുറുപ്പംപടി എം.ജി.എം സ്കൂളില്‍ പഠിച്ച അല്‍ക്ക എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് വിജയിച്ചത്. ഇതിന് ശേഷമാണ് കോലേഞ്ചരി മെഡിക്കല്‍ കോളജില്‍ ബി.എസ്സി നഴ്സിങ്ങിന് ചേര്‍ന്നത്. ചൊവ്വാഴ്ച വീട്ടിലുണ്ടായിരുന്ന അല്‍ക്ക സംഭവമുണ്ടാകുന്നതിനുമുമ്പ് അയല്‍വാസിയുടെ വീട്ടിലായിരുന്നു. അവിടെനിന്ന് വീട്ടിലെത്തി വരാന്തയില്‍ ഇരിക്കുമ്പോഴാണ് ബേസില്‍ എത്തിയത്. അല്‍ക്കയുടെ മാതാവ് മഞ്ജു കുറുപ്പംപടിയില്‍ തയ്യല്‍ക്കട നടത്തുകയാണ്.
സംഭവം നടക്കുമ്പോള്‍ മഞ്ജു കടയിലും ഓട്ടോറിക്ഷ ഓടിക്കുന്ന പിതാവ് ബിനു ജേക്കബ് എറണാകുളത്തുമായിരുന്നു. യുവാവ് മയക്കുമരുന്നിന് അടിമയായിരുന്നോ എന്നുള്ളത് പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.