ആലുവയും എറണാകുളവുമായി കിരീടപ്പോര്...
text_fieldsപെരുമ്പാവൂര്‍: കലോത്സവ വേദിയിലെ അരങ്ങേറ്റം ആഘോഷമാക്കി ഇരുളനൃത്തവും പണിയനൃത്തവും, മനോഹരമായി തിരുവാതിരക്കളി, ആവേശം അലതല്ലിയ കോൽക്കളി വേദി, ഇശലൊഴുകിയ വട്ടപ്പാട്ട് മത്സരം... അക്ഷരാർഥത്തിൽ കലയുടെ പെരുന്നാളായിരുന്നു ബുധനാഴ്ച കുറുപ്പംപടിയിൽ. മത്സരങ്ങൾ രാവേറെ നീണ്ടിട്ടും നാടൊന്നാകെ കലയിലലിഞ്ഞിരിക്കുകയാണ്. റവന്യൂ ജില്ല കലോത്സവത്തിന്റെ മൂന്നാംദിനം പിന്നിടുമ്പോൾ കലാകിരീടത്തിനായി ആലുവ, എറണാകുളം ഉപജില്ലകളുടെ പോര്. ഇരു ഉപജില്ലക്കും 602 പോയൻറ് വീതമാണുള്ളത്.
569 പോയന്റോടെ പെരുമ്പാവൂരാണ് തൊട്ടുപിന്നിൽ. നോര്‍ത്ത് പറവൂര്‍ (556), മട്ടാഞ്ചേരി (534) ഉപജില്ലകൾ യഥാക്രമം മൂന്നും നാലും സ്ഥാനത്തും. സ്കൂളുകളിൽ കൂടുതൽ പോയൻറുമായി (209) ആലുവ വിദ്യാധിരാജ വിദ്യാഭവൻ മുന്നേറുകയാണ്. നിലവിലെ ചാമ്പ്യന്മാരായ എറണാകുളം സെൻറ് തെരേസാസ് സ്കൂള്‍ 163 പോയൻറ് നേടി വീണ്ടും രണ്ടാം സ്ഥാനത്തേക്കെത്തിയിട്ടുണ്ട്. എടവനക്കാട് ഹിദായത്തുല്‍ ഇസ്ലാം എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത് (157). അറബിക് കലോത്സവം യു.പി വിഭാഗത്തില്‍ കോലഞ്ചേരി, ആലുവ, മൂവാറ്റുപുഴ ഉപജില്ലകള്‍ 45 പോയൻറുമായി ഒന്നാംസ്ഥാനം പങ്കിടുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 70 പോയൻറുമായി പെരുമ്പാവൂരാണ് മുന്നിൽ. സംസ്കൃതോത്സവം ഹൈസ്കൂള്‍ വിഭാഗത്തില്‍ ആലുവ ഉപജില്ലയാണ് മുന്നില്‍ (68). യു.പി വിഭാഗത്തില്‍ 65 പോയന്റുമായി എറണാകുളം, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍ ഉപജില്ലകള്‍ ഒന്നാംസ്ഥാനം പങ്കിടുന്നു.
അറബിക് കലോത്സവവും സംസ്കൃതോത്സവവും വ്യാഴാഴ്ച സമാപിക്കും. ചവിട്ടുനാടകം, സംഘനൃത്തം, നാടോടിനൃത്തം തുടങ്ങിയ കളർഫുൾ മത്സരങ്ങൾക്ക് വ്യാഴാഴ്ച കലോത്സവ നഗരി സാക്ഷ്യം വഹിക്കും. ഹയര്‍ സെക്കൻഡറി ഭരതനാട്യ മത്സരത്തിനുമുമ്പ് വിധികര്‍ത്താക്കളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏതാനും പരിശീലകര്‍ രംഗത്തുവന്നത് മത്സരം വൈകാനിടയാക്കി. മത്സരഫലങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 36 മത്സരാര്‍ഥികള്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.