ശബരിമല ഇടത്താവളം പരിസരവാസികള്‍ക്ക് ദുരിതമായി
text_fieldsപെരുമ്പാവൂർ: ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കാൻ തയാറാക്കിയ ഇടത്താവളം പരിസരവാസികള്‍ക്ക് ദുരിതമായി മാറിയെന്ന് ആക്ഷേപം. എം.സി റോഡിലെ കീഴില്ലം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ജില്ലയിലെ പ്രമുഖ ശബരിമല ഇടത്താവളത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ തീര്‍ഥാടകരും പരിസരവാസികളും ഒരേപോലെ ബുദ്ധിമുട്ടിലായി.
ഇക്കുറി തീര്‍ഥാടകരുടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് സമീപമുള്ളവരുടെ ജീവിതം പ്രതിസന്ധിയിലായി. പ്രതിദിനം ആയിരക്കണക്കിന് തീര്‍ഥാടകരെത്തുന്ന ഇവിടെ ആവശ്യമായ വെള്ളം എടുക്കുന്നതുപോലും സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍നിന്നാണ്. 2002ലാണ് ദേവസ്വം ബോര്‍ഡ് ഇവിടെ ഇടത്താവളം തുടങ്ങിയത്. നാല് വര്‍ഷത്തിനുശേഷമാണ് ടോയ്ലറ്റ് ബ്ലോക്ക് സ്ഥാപിച്ചത്. ഇതില്‍ 10 ശുചിമുറി മാത്രമാണുള്ളത്. തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചിട്ടും പുതിയ ശുചിമുറികള്‍ നിര്‍മിച്ചിട്ടില്ല. ഇക്കുറി ക്ഷേത്ര ചുറ്റുമതിലിനകത്തുവരെ മനുഷ്യവിസര്‍ജ്യം കണ്ടെത്തിയതായി നാട്ടുകാര്‍ പറയുന്നു.
ഇടത്താവളത്തില്നിന്നുള്ള മാലിന്യവും മലിനജലവും പഞ്ചായത്ത് റോഡിലും പുരയിടങ്ങളിലും ഒഴുകിപ്പരക്കുകയാണ്. കിണറുകളിലെ വെള്ളം കുടിക്കാന്‍ കഴിയാതായി. മാലിന്യം സംസ്കരിക്കാനുള്ള സംവിധാനമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ളവ കൂട്ടിയിട്ട് കത്തിക്കുകയാണ്.
അനിയന്ത്രിതമായി വാഹനങ്ങള്‍ വന്നുപോകുന്നതിനാല്‍ പൊടിപടലങ്ങളും പാചകം ചെയ്യുന്നതിനാല്‍ പുകശല്യം അതിരൂക്ഷമാണ്. പച്ചക്കറികളും ഭക്ഷണാവശിഷ്ടങ്ങളും പുറത്തേക്ക് വലിച്ചെറിയുന്നതിനാല്‍ കൊതുക് ശല്യവും പകര്‍ച്ചവ്യാധികളും ഒഴിയാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.