ശബരിമല തീര്‍ഥാടനം; പെരുമ്പാവൂരിൽ ഭക്തര്‍ക്ക് സൗകര്യങ്ങൾ ഒരുക്കും
text_fieldsപെരുമ്പാവൂര്‍: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനം. ഔഷധി ജങ്ഷനിലെ റോഡ് വികസനത്തിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നര്‍ദേശം നല്കി. യാത്രിനിവാസില്‍ വാഹന പാര്‍ക്കിങ് നിരോധിച്ച് ബോര്‍ഡും പൊലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തും.
ശബരിമല തീര്‍ഥാടകരെ സഹായിക്കാൻ നഗരത്തിലെ ശ്രീധര്‍മശാസ്ത ക്ഷേത്രത്തിന് മുന്നില്‍ എയ്ഡ്പോസ്റ്റ് സ്ഥാപിക്കും. ഭജനമഠം മുതല്‍ ശാസ്ത ക്ഷേത്രം വരെ വണ്‍ വേ സംവിധാനം ഏര്‍പ്പെടുത്തും. ശബരിമല സീസണ് വരെ രാത്രി നിരീക്ഷണം ശക്തമാക്കാൻ പൊലീസിന് നിര്‍ദേശം നല്കി.
പ്രഥമ ശുശ്രൂഷ സംവിധാനങ്ങളോടെ ഡിസ്പെന്‍സറി ഒരുക്കാനും ജലവിതരണം ഉറപ്പുവരുത്താനും ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു. ഹോട്ടലുകളിലും റെസ്റ്റാറന്റുകളിലും ഏകീകൃത വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണം. ഡി ആൻഡ് ഒ ലൈസന്‍സിന് വിരുദ്ധമായി കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. ലീഗല്‍ മെട്രോളജിയുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും. ഹോട്ടലുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചുള്ള കച്ചവടം നിരോധിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും.
പി.പി റോഡിലും മറ്റും അനധികൃതമായി റോഡ് വക്കില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വില്പന നടത്തുന്നത് നിരോധിക്കും. കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് പ്രദര്‍ശിപ്പിക്കാൻ നിര്‍ദേശം നല്കി. രാവിലെ ആറ് മുതല്‍ രാത്രി ഏഴ് വരെ കണ്ടിജന്റ് ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയോഗിക്കും. പെരുമ്പാവൂര്‍ ഡിപ്പോയില്‍നിന്ന് പമ്പയിലേക്ക് ഒരു ബസ് അനുവദിക്കുന്നതിന് കെ.എസ്.ആര്.ടി.സി എം.ഡിയോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
നഗരസഭ ചെയര്മാന് ടി.എം. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. വിവിധ ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന് ഭാരവാഹികള്‍, ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.