കേടായ ബൾബുകൾ പ്രകാശിപ്പിച്ച് ഇരിങ്ങോൾ സ്കൂൾ വിദ്യാർഥികൾ
text_fieldsപെരുമ്പാവൂര്‍: പഠനവും ഊര്‍ജ സംരക്ഷണവും ലക്ഷ്യമിട്ട് സ്വയം തൊഴില്‍ പരിശീലനത്തിലാണ് ഇരിങ്ങോള്‍ സര്‍ക്കാര്‍ വി.എച്ച്.എസ് സ്കൂളിലെ നാഷനല്‍ സര്‍വീസ് സ്കീം യൂനിറ്റ് വിദ്യാര്‍ഥികള്‍. ഇതിന്റെ ഭാഗമായി വിദ്യാലയത്തിലെ വിവിധ ക്ലബുകളുടെ സഹകരണത്തോടെ സ്പെഷല്‍ കെയര്‍ സെന്ററിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണം പരിശീലിക്കുകയാണ്. കേടായ ബള്‍ബുകള്‍ പ്രവര്‍ത്തിപ്പിച്ച് നല്‍കുന്നതിലൂടെ നാട്ടുകാര്‍ക്കും സഹായകരമാണ് ഇവരുടെ പ്രവര്‍ത്തനം.
വിദ്യാര്‍ഥികള്‍ സ്കൂള്‍ പരിസര പ്രദേശങ്ങളിലെ വീടുകളില്‍ പോയി പഴയ അറുന്നൂറോളം കേടായ ബള്‍ബുകള്‍ ശേഖരിച്ചു. ആക്രി കടകളില്‍ പോലും വില്‍ക്കാനാകാത്ത ഇലക്ട്രോണിക്സ് മാലിന്യമായി പൊതുഇടങ്ങളില്‍ വലിച്ചെറിയപ്പെടുന്ന ഇത്തരം ബള്‍ബുകൾ പ്രവര്‍ത്തനക്ഷമമാക്കി ഉടമകൾക്ക് നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രകാശിക്കാത്ത പഴയ മൂന്ന് ബള്‍ബുകള്‍ നല്കിയാല് ഉടമക്ക് പ്രവര്‍ത്തനക്ഷമമായ ഒരു ബള്‍ബ് സൗജന്യമായി നല്‍കും. മുന്നൂറോളം ബള്‍ബുകള്‍ക്ക് ഇതിനോടകം കുട്ടികള്‍ ‘പുതുജീവന്‍’ നല്കി. വലിച്ചെറിയപ്പെടുന്ന കേടായ ബള്‍ബുകള്‍ കണ്ടെത്തിയാല്‍ നാട്ടുകാര്‍ ഇപ്പോള്‍ സ്കൂളില്‍ ഏൽപിക്കുകയാണ്. ക്ലാസ് മുറികളില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് പ്രചോദനം നല്കുന്ന കാര്യത്തില്‍ അധ്യാപകരുടെ ഇടപെടല്‍ കാര്യക്ഷമമാണ്.
അസാപ് ട്രെയിനര്‍ ഷിമ്രോണ്‍ ഷിജിയാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഇതിനോടകം വിദ്യാര്‍ഥികള്‍ നിര്‍മിച്ച ബള്‍ബുകള്‍ കുറുപ്പംപടി അസാപ്പ് സെന്ററിലെ ചീഫ് ട്രെയ്നിങ് ഓഫീസര്‍ വിനയ് മാത്യുവിന്റെ കൈവശമുണ്ട്. സ്കൂള്‍ പ്രിന്‍സിപ്പൽ ആര്.സി. ഷിമി, ഹെഡ്മിസ്ട്രസ് പി.എസ്. മിനി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി എന്നിവർ പിന്തുണയുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.