മകനും ബന്ധുക്കളും ഉപേക്ഷിച്ച വയോധികക്ക് ആശ്രയം കുളിമുറി വനിത കമീഷന് കേസെടുത്തു
text_fieldsപെരുമ്പാവൂര്‍: മകനും ബന്ധുക്കളും ഉപേക്ഷിച്ച വയോധിക ഉണ്ണുന്നതും ഉറങ്ങുന്നതും കുളിമുറിയില്‍. കുറുപ്പംപടി തുരുത്തിയില്‍ പുത്തന്‍പുര വീട്ടില്‍ 80 വയസ്സുകാരി സാറാമ്മക്കാണ് ഈ ദുര്‍ഗതി. താമസിച്ചിരുന്ന വീട് മകെൻറ ഭാര്യ സഹോദരന് പൊളിച്ചു നീക്കി. ഒന്നര വര്‍ഷം മുമ്പ് പ്രായാധിക്യത്തെ തുടര്‍ന്ന് സാറാമ്മ ആശുപത്രിയിലായി. തുടര്‍ചികിത്സക്ക് എന്ന പേരില്‍ തൃശൂരിലെ വൃദ്ധസദനത്തിലേക്കാണ് മാറ്റിയത്. ഈ സമയത്താണ് മകെൻറ ഭാര്യ സഹോദരന് തുരുത്തിയില്‍ എത്തി വീടും തൊഴുത്തുമെല്ലാം പൊളിച്ചുമാറ്റിയത്.
മകെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു വീട്. കൈയിലുണ്ടായിരുന്ന അഞ്ച് ലക്ഷം ബന്ധുക്കള്‍ തട്ടി എടുത്തതായി സാറാമ്മ പറയുന്നു. വൃദ്ധസദനത്തില്‍ നിന്ന് തിരികെ സാറാമ്മയെ കൊണ്ടുവന്നത് സഹോദരനാണ്. അദ്ദേഹം അന്ന് സാറാമ്മയുടെ മകനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സ്ഥലവും വീടും തെൻറയും ഭാര്യയുടെയും പേരിലാണെന്നും അവിടെ ആരു താമസിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നുമാണ് മകന് മറുപടി പറഞ്ഞതത്രെ.
കിടക്കാന്‍ അഭയം നല്കിയ ബന്ധുക്കളാണ് പണം തട്ടിയത്. പണം തട്ടിയെടുത്തവര്‍ക്കെതിരെ കുറുപ്പംപടി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്ന് ബന്ധുക്കളെ വിളിച്ചു വരുത്തി പണം തിരികെ നല്കാന് പൊലീസ് നിര്‍ദേശിച്ചിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി ഉണ്ടായില്ല. നിന്നുതിരിയാന്‍ ഇടമില്ലാത്ത കുളിമുറിയിലാണ് ഇപ്പോള്‍ വെപ്പും കുടിയും കിടപ്പും. ഭക്ഷണത്തിന് അയല്‍ക്കാരെ ആശ്രയിക്കണം. ഒന്നര വര്‍ഷമായി ഈ ദുരവസ്ഥ തുടങ്ങിയിട്ട്. ഈ കാലത്തിനിടയില്‍ ഒരിക്കല്‍ പോലും മകന് സാറാമ്മയെ വിളിച്ചിട്ടില്ല. സംഭവത്തില്‍ വനിത കമീഷന് സ്വമേധയ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.